സഞ്ജുവിനെ ഞങ്ങൾ തഴഞ്ഞിട്ടില്ല. ടീമിൽ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ബിസിസിഐ.

ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിന് മുൻപ് ഇന്ത്യയ്ക്ക് കിട്ടിയ വലിയ തിരിച്ചടി തന്നെയായിരുന്നു ശ്രേയസ് അയ്യരുടെ പരിക്ക്. പരിക്കു മൂലം അയ്യർക്ക് ഏകദിന പരമ്പരയിൽ കളിക്കാനാവില്ല എന്ന റിപ്പോർട്ട് മുൻപ് തന്നെ പുറത്തുവന്നിരുന്നു. ശേഷം ഇന്ത്യ ശ്രേയസ് അയ്യർക്കു പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തുമേന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ശ്രേയസ് അയ്യർക്ക് പകരക്കാരനെ ആവശ്യമില്ല എന്നായിരുന്നു ബിസിസിഐ സെലക്ഷൻ കമ്മിറ്റി മുൻപ് അറിയിച്ചത്. ഈ അവസരത്തിൽ സഞ്ജുവിനെ ബിസിസിഐ തഴഞ്ഞതിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉടലെടുത്തിരുന്നു. ഇന്ത്യയുടെ മുൻ താരം ആകാശ് ചോപ്രയടക്കം ഇക്കാര്യത്തിൽ തന്റെ അതൃപ്തി അറിയിക്കുകയുണ്ടായി

എന്നാൽ സഞ്ജുവിനെ ബിസിസിഐ തഴഞ്ഞിട്ടില്ലയെന്നും സാഹചര്യവശാൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വന്നതാണെന്നുമാണ് ഇപ്പോൾ ഒരു ബിസിസിഐ ഒഫീഷ്യൽ അറിയിച്ചിരിക്കുന്നത്. സഞ്ജു സാംസൺ ഇപ്പോഴും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ പരിക്കേറ്റ സഞ്ജു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇതുവരെ പൂർണമായ ഫിറ്റ്നസ് നേടിയെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് മാറ്റി നിർത്തിയത് എന്നാണ് സോഴ്സ് പറയുന്നത്.

sanju samson in america

“സഞ്ജു ഇപ്പോഴും എൻസിഎയിൽ ആണുള്ളത്. അയാൾ പരിക്കിൽ നിന്നും പൂർണ്ണമായി രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനാൽ തന്നെയാണ് ആദ്യ ഏകദിനത്തിൽ സഞ്ജു കളിക്കാതിരുന്നത്. ശ്രേയസ് അയ്യർക്ക് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണോ എന്ന് തീരുമാനമെടുക്കേണ്ടത് സെലക്ടർമാരാണ്. എന്നാൽ നിലവിലുള്ള ടൈറ്റ് ഷെഡ്യൂൾ കണക്കിലെടുക്കുമ്പോൾ രണ്ടാം ഏകദിനത്തിന് മുൻപും സഞ്ജു പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധ്യതയില്ല.”- ഒരു ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു.

ഇന്ത്യ തങ്ങളുടെ ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷനെയും കെ എൽ രാഹുലിനെയുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ ഇഷാൻ വിജയിച്ചില്ല. ഈ സാഹചര്യത്തിൽ പകരക്കാരനായി സഞ്ജുവിനെ ടീമിൽ എത്തിക്കണം എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ട്വീറ്റുകൾ. എന്നിരുന്നാലും പരിക്ക് പൂർണമായും ഭേദമാകാത്ത സാഹചര്യത്തിൽ ബിസിസിഐ ഇക്കാര്യത്തിൽ റിസ്കെടുക്കാൻ സാധ്യതകൾ വളരെ കുറവാണ്.