രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു അവിശ്വസനീയ വിജയം തന്നെയായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് 20 ഓവറുകളിൽ കേവലം 154 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. അതിനാൽ തന്നെ രാജസ്ഥാൻ റോയൽസ് ഈ സ്കോർ അനായാസം മറികടക്കും എന്ന് പലരും കരുതി. പക്ഷേ മത്സരത്തിൽ രാജസ്ഥാൻ 10 റൺസിന് പരാജയം ഏറ്റുവാങ്ങുകയുണ്ടായി. മത്സരശേഷം ആദ്യ ഇന്നിങ്സിലെ മെല്ലെ പോക്കിനെ കുറിച്ച് രാഹുൽ സംസാരിക്കുകയുണ്ടായി.
പിച്ച് ബാറ്റിംഗിന് അത്ര അനുകൂലമായിരുന്നില്ലെന്നും, അതിനാൽ തന്നെ വമ്പൻ സ്കോർ നേടാൻ തങ്ങൾ ശ്രമിച്ചിരുന്നില്ല എന്നും രാഹുൽ പറയുകയുണ്ടായി. “ഇന്നിംഗ്സിലെ ആദ്യ പത്ത് ഓവറുകൾ അവസാനിച്ചപ്പോൾ എനിക്കും മയേഴ്സിനും ലഭിച്ച സന്ദേശം 160 റൺസ് ഈ വിക്കറ്റിൽ മികച്ച സ്കോറാണ് എന്നതാണ്. എന്നിരുന്നാലും രാജസ്ഥാന് കുറച്ച് നല്ല ബോളർമാർ ഉണ്ടായിരുന്നു. അവർക്ക് ഈ സാഹചര്യങ്ങൾ നന്നായി ചൂഷണം ചെയ്യാനും സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ കേവലം 10 റൺസ് കുറവ് മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. എന്നിരുന്നാലും മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യമില്ലാതെ വന്നത് ഇരുടീമുകൾക്കും ഒരേ നീതി നൽകി. “- രാഹുൽ പറഞ്ഞു.
“ഞങ്ങൾ ഇന്നലെയാണ് ഇവിടെ എത്തിയത്. ശേഷം 180 എന്നത് ഈ വിക്കറ്റിൽ ഒരു ശരാശരി സ്കോർ ആണെന്ന് ഞങ്ങൾ കരുതി. എന്നാൽ ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവർ ഞങ്ങളെ ഞെട്ടിച്ചു. ശേഷം ഞാനും മേയേഴ്സും തമ്മിൽ സംസാരിക്കുകയുണ്ടായി. പിന്നീടാണ് ഇത് 180 റൺസ് നേടാൻ സാധിക്കുന്ന വിക്കറ്റല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായത്. ഇന്നിംഗ്സിൽ ബോൾ വലിയ രീതിയിൽ ബൗൺസ് ചെയ്തിരുന്നില്ല. അതിനാൽതന്നെ ഞങ്ങൾ കുറച്ചധികം സമയമെടുത്തു. എന്നിരുന്നാലും ആദ്യ ഇന്നിങ്സിൽ കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിൽ 170 റൺസ് നേടാൻ സാധിച്ചേനെ എന്ന് ഞാൻ കരുതുന്നു.”- രാഹുൽ കൂട്ടിച്ചേർത്തു.
മത്സരത്തിൽ രാഹുലും മേയേഴ്സും ചേർന്ന് 82 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. രാഹുൽ മത്സരത്തിൽ 32 പന്തുകളിലും 39 റൺസ് നേടിയപ്പോൾ, മേയേഴ്സ് 42 പന്തുകളിൽ 51 റൺസ് നേടുകയുണ്ടായി. ഒപ്പം അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയിനിസും നിക്കോളാസ് പൂറാനും അടിച്ചുതകർത്തതോടെയാണ് ലക്നൗ 150 നു മുകളിൽ ഒരു സ്കോറിൽ എത്തിയത്. മത്സരത്തിൽ ഒരു നിർണായക വിജയമാണ് ലക്നൗ നേടിയത്