ഇന്ത്യയുടെ യുവ പേസർ ഉമ്രാൻ മാലിക്കിന് ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന് മുന്നോടിയായി വീണ്ടും തിരിച്ചടി. ഇത്തവണത്തെ ഐപിഎൽ ലേലത്തിന്റെ 2 റൗണ്ടിലും അൺസോൾഡായ ഉമ്രാൻ മാലികിനെ അവസാന സമയത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കുകയായിരുന്നു.
എന്നാൽ പരിക്ക് മൂലം മാലികിന് ഈ സീസണിൽ കളിക്കാൻ സാധിക്കില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാലിക്കിന്റെ പരിക്ക് ഭേദമാകാനായി കൊൽക്കത്ത ടീം അല്പസമയം കാത്തിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ മുൻ രാജസ്ഥാൻ താരമായ ചേതൻ സക്കറിയയെ ഉമ്രാൻ മാലിക്കിന്റെ പകരക്കാരനായി കൊൽക്കത്ത തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു ഉമ്രാൻ മാലിക്. തന്റെ അവിശ്വസനീയമായ സ്പീഡ് കൊണ്ട് എല്ലാവരെയും ഞെട്ടിക്കാൻ താരത്തിന് സാധിച്ചിരുന്നു. അതിന് ശേഷം ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങളിലും ഏകദിന മത്സരങ്ങളിലും അരങ്ങേറാനും ഉമ്രാൻ മാലിക്കിന് സാധിച്ചു. എന്നാൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കാനോ മികച്ച പ്രകടനം നടത്താനോ താരത്തിന് സാധിച്ചില്ല.
അധികമായ പേസ് ഉമ്രാൻ മാലിക്കിന്റെ ബലഹീനതയായി മാറുന്നതാണ് കണ്ടത്. ബാറ്റർമാർ കൃത്യമായി ഈ പേസിനെ മുതലാക്കി. ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളും 8 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളും ആയിരുന്നു മാലിക്ക് സ്വന്തമാക്കിയത്.
ഇതിന് പിന്നാലെയാണ് മാലിക്കിന് ഫിറ്റ്നസിനെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതുമൂലം ഒരുപാട് ആഭ്യന്തര മത്സരങ്ങളിൽ കളിക്കാനുള്ള അവസരവും താരത്തിന് നഷ്ടപ്പെട്ടു. ഇതുവരെ ഐപിഎല്ലിൽ 26 മത്സരങ്ങൾ കളിച്ച മാലിക് 29 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 26.62 എന്ന ശരാശരിയിലാണ് മാലിക്കിന്റെ ഈ നേട്ടം. 2025 ഐപിഎൽ മാലിക്കിനെ സംബന്ധിച്ച് വലിയൊരു അവസരം തന്നെയായിരുന്നു. പക്ഷേ പരിക്ക് മൂലം താരത്തിന് ഈ അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്.
മറുവശത്ത് ചേതൻ സക്കറിയയും ഒരുപാട് പരിക്കുകളിലൂടെ കടന്നുപോകുന്ന ഒരു താരമാണ്. പരിക്ക് മൂലം കഴിഞ്ഞ ആഭ്യന്തര സീസണുകളിൽ കളിക്കാൻ സക്കറിയക്ക് സാധിച്ചിരുന്നില്ല. ഇതുവരെ ഐപിഎല്ലിൽ 19 മത്സരങ്ങൾ കളിച്ച സക്കറിയ 20 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 29.95 എന്ന ശരാശരിയിലാണ് സക്കറിയയുടെ വിക്കറ്റ് നേട്ടം. ഇന്ത്യക്കായി 2 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളും ഒരു ഏകദിന മത്സരവും കളിച്ച പരിചയസമ്പന്നത മാത്രമാണ് സക്കറിയക്ക് ഉള്ളത്. താരം ഈ സീസണിൽ മികവ് പുലർത്തും എന്ന പ്രതീക്ഷയിലാണ് കൊൽക്കത്തൻ ആരാധകർ.