വീണ്ടും രോഹന്‍ ഷോ. തുടര്‍ച്ചയായ രണ്ടാം വിജയവുമായി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കേരളം. ഗോവ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 38.1 ഓവറില്‍ കേരളം വിജയം കണ്ടു. സെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലിന്‍റെ കരുത്തിലാണ് കേരളം അനായാസം ലക്ഷ്യത്തില്‍ എത്തിയത്.

തുടക്കത്തിലേ രാഹുലിനെ (14) നഷ്ടമായെങ്കിലും വത്സലുമൊപ്പം (22) രോഹന്‍ കുന്നുമ്മല്‍ കേരളത്തിന്‍റെ സ്കോര്‍ ബോര്‍ഡ് 100 കടത്തി. മികച്ച ഫോമിലുള്ള രോഹന്‍ അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മികച്ച പിന്തുണ നല്‍കി.

കേരളത്തിനെ വിജയത്തിന്‍റെ അടുത്ത് എത്തിച്ചാണ് രോഹന്‍ മടങ്ങിയത്. 101 പന്തില്‍ 17 ഫോറും 4 സിക്സും സഹിതം 134 റണ്‍സാണ് രോഹന്‍ സ്കോര്‍ ചെയ്തത്. സച്ചിന്‍ ബേബി 51 റണ്‍സ് നേടി പുറത്താകതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗോവ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്. അര്‍ദ്ധസെഞ്ചുറി നേടിയ ദര്‍ശനാണ് ടോപ്പ് സ്കോററായത്.

മോശം തുടക്കമായിരുന്നു ഗോവയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 79 റണ്‍സ് മാത്രമുള്ളപ്പോള്‍ 4 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് സുയഷ് പ്രഭുദേശായ് (34), ദര്‍ശന്‍ (69), ദീപക് ഗവോങ്കര്‍  എന്നിവരുടെ ഇന്നിംഗ്‌സാണ് ഗോവയെ കരക്കയറ്റിയത്. മോഹിത് റെദ്കകര്‍ (23), അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു.  3 വിക്കറ്റ് നേടിയ അഖിലിന് പുറമെ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വിനൂപ്, കെ എം ആസിഫ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും വീഴ്ത്തി.

കേരളത്തിന്‍റെ അടുത്ത മത്സരം ചത്തിസ്ഗഡിനെതിരെയാണ്. 

Previous articleഐ.പി.എൽ അല്ല രാജ്യമാണ് മുഖ്യം; ഐ.പിഎല്ലിൽ നിന്നും 2 ഓസ്ട്രേലിയൻ സൂപ്പർ താരങ്ങൾ പിന്മാറി.
Next articleഐപിഎല്ലില്‍ നിന്നും വിരമിച്ച് കീറോണ്‍ പൊള്ളാര്‍ഡ്. കാരണം ഇതാണ്‌