KCL 2024 : ജോബിന്റെയും ആനന്ദിന്റെയും വെടിക്കെട്ട്. ആലപ്പിയെ വീഴ്ത്തി കൊച്ചിയുടെ കടുവകൾ.

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി ടീമിനെതിരെ ആക്രമണം അഴിച്ചുവിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്. അങ്ങേയറ്റം വെടിക്കെട്ട് തീർത്ത് അവിശ്വസനീയ വിജയമാണ് മത്സരത്തിൽ കൊച്ചി ടീം സ്വന്തമാക്കിയത്. 64 റൺസിനാണ് ശക്തരായ ആലപ്പി ടീമിനെ കൊച്ചി വീഴ്ത്തിയത്.

മത്സരത്തിൽ കൊച്ചിയ്ക്കായി അത്യുഗ്രൻ ബാറ്റിംഗ് പ്രകടനം ആയിരുന്നു ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും ജോബിൻ ജോബിയും കാഴ്ചവച്ചത്. ഇരുവരും മത്സരത്തിൽ വെടിക്കെട്ട് അർധ സെഞ്ച്വറികൾ സ്വന്തമാക്കി. ഇവരുടെയും ബലത്തിലാണ് ശക്തരായ ആലപ്പിയെ കൊച്ചി അനായാസം പരാജയപ്പെടുത്തിയത്.

മത്സരത്തിൽ ടോസ് നേടിയ ആലപ്പി ബോളിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വമ്പൻ തുടക്കം തന്നെയാണ് കൊച്ചിയ്ക്ക് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ആദ്യ ബോൾ മുതൽ ആനന്ദ് കൃഷ്ണനും ജോബിൻ ജോബിയും അടിച്ചു തകർത്തു. ആനന്ദ് കൃഷ്ണൻ ആദ്യ സമയങ്ങളിൽ മിതത്വം പുലർത്തിയപ്പോൾ ജോബിൻ ജോബി ഒരു വശത്ത് പൂർണ്ണമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

വമ്പൻ ഷോട്ടുകൾ കളിച്ച് ആലപ്പിയെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കാൻ ജോബിയ്ക്ക് സാധിച്ചു. മത്സരത്തിൽ 48 പന്തുകളിൽ 79 റൺസാണ് ജോബിൻ നേടിയത്. 6 ബൗണ്ടറികളും 5 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

മറ്റൊരു ഓപ്പണറായ ആനന്ദ് കൃഷ്ണൻ 51 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 69 റൺസും നേടി. ഇരുവരും പുറത്തായ ശേഷവും കൊച്ചി ആക്രമണം തുടരുകയായിരുന്നു. മൂന്നാമനായി എത്തിയ റോജർ വെടിക്കെട്ടിന് തിരികൊളുത്തി. ഒപ്പം സ്ഥാനക്കയറ്റം ലഭിച്ച മനുകൃഷ്ണനും സിക്സറുകൾ കൊണ്ട് താണ്ഡവമാടുകയായിരുന്നു.

റോജർ 14 പന്തുകളിൽ 28 റൺസാണ് നേടിയത്. മനുകൃഷ്ണൻ 9 പന്തുകളിൽ 34 റൺസ് നേടി. 5 സിക്സറുകളാണ് മനുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഇതോടെ കൊച്ചി ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 2 വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് കൊച്ചി സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ആലപ്പി തുടക്കത്തിൽ തന്നെ പതറി. ക്യാപ്റ്റൻ അസറുദ്ദീന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ ആലപ്പിക്ക് നഷ്ടമായി. പൂജ്യനായി അസറുദ്ദീൻ മടങ്ങിയതോടെ ആലപ്പി പരാജയം മണത്തൂ. പിന്നീട് പ്രതീക്ഷയായിരുന്നു വിനൂപ് മനോഹരനും പൂജ്യനായി മടങ്ങിയതോടെ ആലപ്പി വലിയ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു.

പിന്നീടെത്തിയ ബാറ്റർമാർക്കും മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല. മത്സരത്തിൽ 44 റൺസ് സ്വന്തമാക്കുന്നത് ആലപ്പിയുടെ 6 വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ അവസാന ഓവറുകളിൽ ബാറ്റർമാർ മികവ് പുലർത്തിയത് ആലപ്പിയെ വലിയ പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായകരമായി. 33 പന്തുകളിൽ 47 റൺസ് നേടിയ അക്ഷയും 22 പന്തുകളിൽ 42 റൺസ് നേടിയ ആൽഫി ഫ്രാൻസിസുമാണ് ആലപ്പിക്കായി അവസാന നിമിഷം പൊരുതിയത്. ഇങ്ങനെ ആലപ്പി 154 എന്ന ഭേദപ്പെട്ട സ്കോറിൽ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. മത്സരത്തിൽ 66 റൺസിന്റെ വിജയമാണ് കൊച്ചി സ്വന്തമാക്കിയത്.

Previous articleവിഷ്ണു വിനോദിന്റെ അഴിഞ്ഞാട്ടം, ആനന്ദ് സാഗറിന്റെ വെടിക്കെട്ട്. വമ്പൻ വിജയം നേടി തൃശ്ശൂർ.
Next articleബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.