കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ നിന്ന് ആലപ്പി ടീം പുറത്തേക്ക്. നിർണായകമായ മത്സരത്തിൽ കാലിക്കറ്റ് ടീമിനെതിരെ 6 വിക്കറ്റുകൾക്ക് പരാജയം ഏറ്റുവാങ്ങിയാണ് ആലപ്പി പുറത്തായത്. മത്സരത്തിൽ കാലിക്കറ്റിനായി ബാറ്റിംഗിൽ തിളങ്ങിയത് സഞ്ജയ് രാജായിരുന്നു.
ഒരു തകർപ്പൻ അർധസെഞ്ചറി മത്സരത്തിൽ സ്വന്തമാക്കാൻ സഞ്ജയ്ക്ക് സാധിച്ചു. ബോളിങ്ങിൽ നായകൻ അഖിൽ സ്കറിയ മികവ് പുലർത്തിയപ്പോൾ അനായാസം കാലിക്കറ്റ് വിജയം സ്വന്തമാക്കുകയാണ് ഉണ്ടായത്. ഈ വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുകളുമായി കാലിക്കറ്റ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ കാലിക്കറ്റ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ആലപ്പിയുടെ സൂപ്പർ താരങ്ങളായ കൃഷ്ണ പ്രസാദിനെയും വിനൂപ് മനോഹരനെയും നായകൻ മുഹമ്മദ് അസറുദ്ദീനെയും തുടക്കത്തിൽ തന്നെ പുറത്താക്കാൻ കാലിക്കറ്റ് ടീമിന് സാധിച്ചു. ശേഷം ആസിഫ് അലിയും അക്ഷയ് ടികെയും ചേർന്നാണ് ആലപ്പുഴയ്ക്കായി മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തത്.
ആസിഫ് അലി 27 റൺസാണ് മത്സരത്തിൽ നേടിയത്. അക്ഷയ് 45 പന്തുകളിൽ 57 റൺസ് സ്വന്തമാക്കുകയുണ്ടായി. 5 ബൗണ്ടറികളും 2 സിക്സറുകളുമാണ് അക്ഷയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.
ഇതിനൊപ്പം അവസാന ഓവറുകളിൽ അക്ഷയ് ചന്ദ്രനും അതുൽ ഡയമണ്ടും ആക്രമണം അഴിച്ചുവിട്ടതോടെ ആലപ്പി ഭേദപ്പെട്ട ഒരു സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 144 റൺസാണ് ആലപ്പി ടീം സ്വന്തമാക്കിയത്. മറുവശത്ത് കാലിക്കറ്റ് ടീമിനായി നായകൻ അഖിൽ സ്കറിയ 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച കാലിക്കറ്റിന് ഓപ്പണർ അബൂബക്കറിന്റെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. പക്ഷേ മൂന്നാമതായി എത്തിയ സഞ്ജയ് രാജ് ക്രീസിലുറക്കുന്നതാണ് കണ്ടത്.
മത്സരത്തിൽ കൃത്യമായ രീതിയിൽ തന്റെ സ്ഥാനമുറപ്പിക്കാൻ സഞ്ജയ്‌യ്ക്ക് സാധിച്ചു. ശേഷം മധ്യനിര ബാറ്റർ ലിസ്റ്റിൻ അഗസ്റ്റിനും മികവ് പുലർത്തിയതോടെ കാലിക്കറ്റ് കുതിച്ചു. മത്സരത്തിൽ 48 പന്തുകളില്‍ 75 റൺസാണ് സഞ്ജയ് രാജ് നേടിയത്. 9 ബൗണ്ടറികളും 2 സിക്സറുകളും സഞ്ജയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ലിസ്റ്റൻ അഗസ്റ്റിൻ 21 പന്തുകളിയിൽ 38 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇതോടെ പതിനാറാം ഓവറിൽ തന്നെ കാലിക്കറ്റ് വിജയലക്ഷം മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് എത്താൻ കാലിക്കറ്റ് ടീമിന് സാധിച്ചിട്ടുണ്ട്.