നിലവിലെ ഇന്ത്യൻ ടീമിന്റെ നായകനാണ് രോഹിത് ശർമ. നായകൻ എന്ന നിലയിലും ബാറ്ററെന്ന നിലയിലും ഇന്ത്യയ്ക്കായി അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുക്കാൻ രോഹിത് എന്ന നായകന് സാധിച്ചിരുന്നു.
ഇപ്പോൾ രോഹിത് ശർമയെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള. 2007ൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയപ്പോഴും, 2011ൽ ഏകദിന ലോകകപ്പ് സ്വന്തമാക്കിയപ്പോഴും ഇന്ത്യൻ ടീമിലെ അംഗമായിരുന്നു പിയൂഷ് ചൗള. രോഹിത് വളരെ മികച്ച ഒരു ലീഡറാണ് എന്ന് പിയൂഷ് ചൗള ഇപ്പോൾ പറയുന്നു
ഒരു ക്യാപ്റ്റൻ എന്ന നിലയിലല്ല രോഹിത് മൈതാനത്തെ പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് എന്ന് പിയൂഷ് കരുതുന്നു. ഒരു ലീഡറായി മാറാൻ അവന് ഇതിനോടകം സാധിച്ചിട്ടുണ്ട് എന്ന് പിയൂഷ് കൂട്ടിച്ചേർക്കുകയുണ്ടായി. കഴിഞ്ഞ ലോകകപ്പുകളിലെ രോഹിത് ശർമയുടെ ബാറ്റിംഗ് പ്രകടനങ്ങൾ വിലയിരുത്തിയാണ് പിയൂഷ് ചൗള സംസാരിക്കുന്നത്. ഒരു ലീഡറായി നിന്ന് തുടക്കത്തിൽ തന്നെ ആക്രമണം അഴിച്ചുവിടാൻ രോഹിത്തിന് കഴിഞ്ഞ ലോകകപ്പുകളിൽ സാധിച്ചിരുന്നു. ഇത് ടീമിലെ മറ്റു ബാറ്റർമാർക്ക് കാര്യങ്ങൾ അനായാസമായി കൊടുക്കുന്നു എന്നാണ് ചൗള കരുതുന്നത്. അതുകൊണ്ടാണ് രോഹിത്തിനെ ചൗള ഒരു ലീഡറായി കാണുന്നത്.
“ഇവിടെ ഒരു ലീഡറും ഒരു ക്യാപ്റ്റനുമുണ്ട്. രോഹിത് ശർമ ഒരിക്കലും ഒരു ക്യാപ്റ്റനല്ല. ഒരു മികച്ച ലീഡറാണ്. 2023 ഏകദിന ലോകകപ്പ് സമയത്തും 2024 ട്വന്റി20 ലോകകപ്പ് സമയത്തും രോഹിത്തിന്റെ ബാറ്റിംഗ് ശൈലി എല്ലാവരും ശ്രദ്ധിച്ചതാണ്. വളരെ ആക്രമണ മനോഭാവത്തോടെയാണ് രോഹിത് 2 ലോകകപ്പുകളിലും ബാറ്റ് ചെയ്തിരുന്നത്. അത്തരത്തിൽ ഒരു ആക്രമണപരമായ മൊമെന്റം ഉണ്ടാക്കിയെടുക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. പിന്നീട് ക്രീസിലെത്തുന്ന ബാറ്റർമാർക്ക് ഇത് കാര്യങ്ങൾ കൂടുതൽ അനായാസമാക്കി മാറ്റുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒരു ശരിയായ ലീഡറാണ് എന്ന് ഞാൻ കരുതുന്നത്. എല്ലാ താരങ്ങളെയും ചേർത്തുപിടിക്കാൻ രോഹിത്തിന് സാധിക്കുന്നുണ്ട്.”- ചൗള പറയുന്നു.
2023ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ വമ്പൻ പ്രകടനം തന്നെയായിരുന്നു രോഹിത് ശർമ കാഴ്ചവെച്ചത്. ടൂർണമെന്റിൽ 597 റൺസ് സ്വന്തമാക്കാൻ ഇന്ത്യൻ നായകന് സാധിച്ചു. ശേഷം ട്വന്റി20 ലോകകപ്പിൽ 257 റൺസ് രോഹിത് സ്വന്തമാക്കിയിരുന്നു.
എല്ലാ മത്സരങ്ങളിലും ആക്രമണ മനോഭാവം തന്നെയാണ് രോഹിത് വച്ചുപുലർത്തിയത്. ട്വന്റി20 ലോകകപ്പിലടക്കം ഇത് ഇന്ത്യയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ഏകദിന ട്വന്റി20 മത്സരങ്ങളിലും രോഹിത് ഇത്തരത്തിലുള്ള മനോഭാവം തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.