ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബേനിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ഒരു വമ്പൻ റെക്കോർഡാണ് ഇന്ത്യയുടെ പേസർ ജസ്പ്രീറ്റ് ബൂമ്ര സ്വന്തമാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ (സേന രാജ്യങ്ങളിൽ) ഏറ്റവുമധികം തവണ 5 വിക്കറ്റുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ പേസർ എന്ന റെക്കോർഡാണ് ഇപ്പോൾ ബൂമ്ര സ്വന്തമാക്കിയത്. സേനാ രാജ്യങ്ങളിൽ ബൂമ്രയുടെ കരിയറിലെ എട്ടാമത്തെ 5 വിക്കറ്റ് നേട്ടമാണ് ഓസ്ട്രേലിയക്കെതിരെ ഗാബയിൽ പിറന്നത്.
ഇന്ത്യയുടെ ഇതിഹാസ താരം കപിൽ ദേവിനെയാണ് ബൂമ്ര ഈ റെക്കോർഡിൽ പിന്നിലാക്കിയിരിക്കുന്നത്. സേനാ രാജ്യങ്ങളിൽ 7 തവണയായിരുന്നു കപിൽ ദേവ് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഈ റെക്കോർഡിനൊപ്പം മറ്റൊരു റെക്കോർഡിലും വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിച്ചു. ഇന്ത്യയുടെ പേസർമാരിൽ ഏറ്റവുമധികം തവണ ടെസ്റ്റ് ക്രിക്കറ്റിൽ 5 വിക്കറ്റുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ ബോളറായി ബൂമ്ര മാറി. ടെസ്റ്റ് കരിയറിൽ ഇത് പന്ത്രണ്ടാം തവണയാണ് ബൂമ്ര 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 82 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്നാണ് ബൂമ്ര ഈ വമ്പൻ നേട്ടം സ്വന്തമാക്കിയത്.
തന്റെ കരിയറിൽ 165 ഇന്നിംഗ്സുകളിൽ നിന്ന് 11 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സഹീർ ഖാനെ മറികടന്നാണ് ബുമ്ര ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. 188 ഇന്നിംഗ്സുകളിൽ നിന്ന് 11 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇഷാന്ത് ശർമയെ മറികടക്കാനും ബൂമ്രയ്ക്ക് സാധിച്ചു. എന്നാൽ ഈ ലിസ്റ്റിൽ ബൂമ്രയ്ക്ക് മുൻപിലുള്ള താരം സാക്ഷാൽ കപിൽ ദേവാണ്. 227 ഇന്നിംഗ്സുകളിൽ ഇന്ത്യയ്ക്കായി പന്തറിഞ്ഞ കപിൽ 23 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുകയുണ്ടായി. പക്ഷേ ഈ റെക്കോർഡും ബുമ്രയ്ക്ക് മറികടക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്.
ഇതുവരെ തന്റെ കരിയറിൽ 43 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 190 വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയിട്ടുള്ളത്. 19.81 വമ്പൻ ശരാശരിയാണ് ബൂമ്രയുടെ മറ്റൊരു പ്രത്യേകത. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ 30 റൺസ് മാത്രം വിട്ടു നൽകി 5 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്കു സാധിച്ചിരുന്നു. ഗാബയിൽ ഇതുവരെ 72 റൺസ് വിട്ടുനൽകിയാണ് ബുമ്ര 5 വിക്കറ്റ്കൾ സ്വന്തമാക്കിയത്. ഈ പരമ്പരയിൽ 17 വിക്കറ്റുകൾ സ്വന്തമാക്കി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്താണ് ബൂമ്ര തുടരുന്നത്. 11 വിക്കറ്റുകൾ സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്ക് രണ്ടാം സ്ഥാനത്തും 10 വിക്കറ്റുകൾ നേടിയ കമ്മിൻസ് മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്.