ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ലോകകപ്പില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. രണ്ടു കളികളിൽ നിന്ന് രണ്ട് വിജയവുമായി നാല് പോയിന്റോടെ ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെയും രണ്ടാം മത്സരത്തിൽ നെതർലാൻഡ്സിനെതിരെയുമായിരുന്നു ഇന്ത്യയുടെ വിജയം. പാക്കിസ്ഥാനെതിരെ നാല് വിക്കറ്റിനും നെതർലാൻഡ്സിനെതിരെ 56 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.
ലോകകപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നതെങ്കിലും ഇന്ത്യയുടെ ബൗളിങ് നിര ഇനിയും മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം കപ്പിൽ ദേവ്. ബാറ്റിങ്ങിൽ ഇനിയും കൂടുതൽ റൺസ് നേടാൻ ഇന്ത്യക്ക് സാധിക്കുമെന്ന് തനിക്ക് തോന്നിയതായും ഇന്ത്യൻ ഇതിഹാസം പറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ടു കളികളിലും മികച്ച പ്രകടമായിരുന്നു ഇന്ത്യയുടെ ബൗളിങ് നിര കാഴ്ചവെച്ചിരുന്നത്.
“ഇന്ത്യയുടെ ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ട്. ബാറ്റിംഗില്‍ കൂടുതല്‍ റണ്‍സ് നേടാനാകുമെന്ന് തോന്നി. അവസാന 10 ഓവറുകളില്‍ 100 റണ്‍സിലധികം ഇന്ത്യ നേടി. വലിയ ഗ്രൗണ്ടുകളായതിനാല്‍ ലോകകപ്പില്‍ സ്പിന്നർമാർക്ക് ചെറിയ മുന്‍തൂക്കം ലഭിക്കേണ്ടതാണ്. ഇന്ത്യയുടെ ബൗളിംഗില്‍ ഇപ്പോഴും നികത്തലുകള്‍ വരുത്താനുണ്ട് എന്നാണ് വിശ്വാസം. നെതർലന്‍ഡ്സ് പോലുള്ള ടീമുകളോട് കൃത്യമായ പദ്ധതി വേണമായിരുന്നു എവിടെ പന്തെറിയണമെന്നും ലൈനും ലെങ്തും കാര്യത്തിലും. പരിശീലനം മാത്രമല്ല, വിജയവും ആവശ്യമായ മത്സരമായതിനാല്‍ വൈഡുകളോ നോബോളുകളോ എറിയാന്‍ പാടില്ലായിരുന്നു.
അതിനാല്‍ ഇന്ത്യന്‍ ബൗളിംഗില്‍ ഇപ്പോഴും പിഴവുകളുണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്.ഈ ടീമില്‍ തന്‍റെ അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുകയാണ് സൂര്യകുമാർ യാദവ്. വേഗത്തില്‍ സ്കോർ നേടുന്നതിനാല്‍ പ്രശംസിക്കപ്പെടണം. കെ എല്‍ രാഹുല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ തയ്യാറാവണം. ഇന്നിംഗ്സ് കെട്ടിപ്പെടുക്കേണ്ട ചുമതല ബാറ്റിംഗിന്‍റെ ഗിയർ മാറ്റാന്‍ കഴിവുള്ള വിരാട് കോലിക്കാണ്. കോലി 20 ഓവറും ബാറ്റ് ചെയ്താല്‍ ഏത് ടോട്ടലും ഇന്ത്യക്ക് പിന്തുടർന്ന് ജയിക്കാം. സൂര്യകുമാറിനെ പോലൊരു പ്രതിഭയെ അടുത്തകാലത്ത് നമ്മള്‍ കണ്ടെത്തിയിട്ടില്ല.”- കപിൽ ദേവ് പറഞ്ഞു