അടുത്തമാസം നടക്കുന്ന ഐ.പി.എൽ മിനി ലേലത്തിന് മുൻപ് എല്ലാ ടീമുകളും ഇന്നലെ ഔദ്യോഗികമായി തങ്ങൾ നിലനിർത്തുന്ന കളിക്കാരുടെയും റിലീസ് ചെയ്യുന്ന കളിക്കാരുടെയും പട്ടിക പുറത്തുവിട്ടിരുന്നു. സൺറൈസസ് ഹൈദരാബാദ് 12 താരങ്ങളെയാണ് റിലീസ് ചെയ്തത്. അതില്‍ കഴിഞ്ഞവർഷം ടീമിനെ നയിച്ച കെയ്ൻ വില്യംസണും ഉൾപ്പെടുന്നു.
വെസ്റ്റിൻഡീസ് നായകനായ നിക്കോളാസ് പൂരനെയും സൺറൈസ് ഹൈദരാബാദ് ഒഴിവാക്കി. ന്യൂസിലാൻഡ് നായകന് കീഴിൽ കഴിഞ്ഞ വർഷം വളരെ മോശം പ്രകടനമായിരുന്നു സൺറൈസ് ഹൈദരാബാദ് കാഴ്ചവച്ചത്. 14 മത്സരങ്ങളിൽ നിന്ന് വെറും ആറ് വിജയം മാത്രമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 12 പോയിന്റുമായി എട്ടാം സ്ഥാനത്തായിരുന്നു ഹൈദരാബാദ് ഫിനിഷ് ചെയ്തത്.
ടീമിൻ്റെ മോശം പ്രകടനത്തിനൊപ്പം നായകൻറെ മോശം പ്രകടനവും ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. 14 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ സീസണിൽ ഹൈദരാബാദ് വില്യംസണെ നിലനിർത്തിയത്. എന്നാൽ ആ തുകയോട് നീതി പുലർത്തുവാൻ താരത്തിന് സാധിച്ചിരുന്നില്ല. 13 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച താരം 19.64 ശരാശരിയിൽ 93.51 സ്ട്രൈക്ക് റേറ്റിൽ വെറും 216 റൺസ് മാത്രമാണ് നേടിയത്. ഇതോടെ താരത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തി.
കഴിഞ്ഞ സീസണിന് മുൻപേയുള്ള സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഓസ്ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണറിനെ ടീം പുറത്താക്കിയിരുന്നു. ഇപ്പോൾ ടീം അഴിച്ചു പണിയാനുള്ള ഉദ്ദേശത്തിലാണ് അധികൃതർ.
സൺറൈസേഴ്സ് നിലനിർത്തിയ
താരങ്ങൾ:
അബ്ദുൾ സമദ്,ഏയ്ഡൻ മർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്സ്, അഭിഷേക് ശർമ, മാർക്കോ ജെൻസൺ, വാഷിങ്ടൺ സുന്ദർ, ഫസൽഹഖ് ഫാറൂഖി, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ടി. നടരാജൻ, ഉമാൻ മാലിക്.
സൺറൈസേഴ്സ് റിലീസ് ചെയ്ത
താരങ്ങൾ:
കെയ്ൻ വില്യംസൺ, നിക്കോളാസ് പൂരൻ, ജഗദീശ സുജിത്, പ്രിയം ഗാർഗ്, രവികുമാർ സമർത്ഥ്, റൊമേരിയോ ഷെപ്പേർഡ്, സൗരഭ് ദുബൈ, സീൻ അബോട്ട്, ശശാങ്ക് സിങ്, ശ്രേയസ് ഗോയൽ, സുശാന്ത് മിശ്ര, വിഷ്ണു വിനോദ്
ബാക്കിയുള്ള ഓവർസീസ് സ്ലോട്ടുകൾ: 4
മിനിലേലത്തിൽ ചെലവാക്കാൻ സാധിക്കുന്ന തുക: 42.25 കോടി