2023 ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 2011ന് ശേഷം ഇത് ആദ്യമായിയാണ് ഇന്ത്യൻ മണ്ണിലേക്ക് മറ്റൊരു ഏകദിനം ലോകകപ്പ് എത്തുന്നത്. 2011ൽ ഇന്ത്യയിൽ ലോകകപ്പ് നടന്നപ്പോൾ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ കിരീടം ചൂടാനും ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. അതിനാൽ തന്നെ ഈ വർഷത്തെ ലോകകപ്പിലും വലിയ പ്രതീക്ഷകൾ തന്നെയാണ് ഇന്ത്യ വെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ 2023 ലോകകപ്പിലെ റൺവേട്ടക്കാരനെ പ്രവചിച്ചിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസ്. ലോകകപ്പ് നടക്കുന്നത് ഇന്ത്യയിലാണെങ്കിലും ഒരു ഇന്ത്യൻ ബാറ്റർ ലോകകപ്പിന്റെ ടോപ്പ് സ്കോററാവില്ല എന്നാണ് കാലിസ് കരുതുന്നത്.
ഇന്ത്യൻ ടീമിൽ രോഹിത്തും വിരാട് കോഹ്ലിയും റൺമെഷീനുകളായി മാറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഈ രണ്ടു ബാറ്റർമാർക്കും വെല്ലുവിളിയായി മറ്റൊരു ഇംഗ്ലണ്ട് താരം ലോകകപ്പിലെ ടോപ് സ്കോററായി മാറും എന്ന് കാലീസ് പറയുന്നു. നിലവിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച നിശ്ചിത ഓവർ ബാറ്റർമാരിൽ ഒരാളായ ജോസ് ബട്ലർ ലോകകപ്പിൽ കൂടുതൽ റൺസ് സ്വന്തമാക്കും എന്നാണ് കാലിസ് പ്രവചിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയായിരുന്നു ഏറ്റവുമധികം റൺസ് കണ്ടെത്തിയത്. രോഹിത്തിനെ പിന്തള്ളിയാണ് കാലിന്റെ ഈ പ്രവചനം.
2019ൽ നടന്ന ഏകദിന ലോകകപ്പിൽ 9 കളികളിൽ നിന്ന് 648 റൺസ് ആയിരുന്നു രോഹിത് ശർമ നേടിയത്. ടൂർണമെന്റിൽ 5 കിടിലൻ സെഞ്ചുറികൾ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. അന്ന് 10 മത്സരങ്ങളിൽ നിന്ന് 3 സെഞ്ചുറികളടക്കം 647 റൺസ് സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ഓപ്പണർ ഡേവിഡ് വാർണറാണ് രോഹിത്തിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
8 മത്സരങ്ങളിൽ നിന്ന് 2 സെഞ്ച്വറികളുമായി 606 റൺസ് സ്വന്തമാക്കിയ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ മൂന്നാം സ്ഥാനത്ത് എത്തി. 9 മത്സരങ്ങൾ 2019 ഏകദിന ലോകകപ്പിൽ കളിച്ച വിരാട് കോഹ്ലി 443 റൺസായിരുന്നു നേടിയത്. ഈ ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്നും 312 റൺസ് സ്വന്തമാക്കാനേ ജോസ് ബട്ലറിന് സാധിച്ചിരുന്നുള്ളൂ.
എന്നിരുന്നാലും 2023 ലോകകപ്പിൽ ബട്ലർ തന്നെ ടോപ് സ്കോററായി മാറും എന്നാണ് കാലിസ് പറയുന്നത്. ഒക്ടോബർ അഞ്ചിനാണ് 2023ലെ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടും ന്യൂസിലാന്റുമാണ് ഏറ്റുമുട്ടുന്നത്. 10 വേദികളിലായാണ് ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഏറ്റവും ആവേശകരമായ മത്സരം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്നതാണ്. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഒക്ടോബർ 14നാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഏറ്റുമുട്ടുക.