ഇംഗ്ലണ്ടിനെതിരെയുള്ള മികച്ച പ്രകടനത്തിനു പിന്നാലെ യശ്വസി ജയ്സ്വാളിനെ ഏകദിനത്തില്‍ കളിപ്പിക്കണം എന്നാവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ജയ്സ്വാളിന്‍റെ പ്രകടനം ഇഷ്ടമായ കൈഫ്, ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് പ്ലെയറാവാന്‍ ഇതാണ് ശരിയായ സമയം എന്ന് പറഞ്ഞു.
പരമ്പരയില്‍ 9 ഇന്നിംഗ്സില്‍ നിന്നായി 712 റണ്‍സാണ് ജയ്സ്വാളിന്‍റെ നേട്ടം. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ജയ്സ്വാളിനെയായിരുന്നു.
”അവന്‍ കുറച്ച് മത്സരങ്ങളേ കളിച്ചട്ടുള്ളു. പക്ഷേ കുറേ വര്‍ഷങ്ങളായി ജയ്സ്വാളിനെ നമ്മള്‍ കാണുന്നു. രഞ്ജി ട്രോഫിയിലും ഐപിഎല്ലിലും അവനെ നമ്മള്‍ കണ്ടു. ഐപിഎല്ലില്‍ അവന്‍ ഗംഭീരമായി കളിച്ചു. അവന്‍ ഒരു അവിശ്വസിനീയ താരമാണ് ” കൈഫ് സ്റ്റാര്‍ സ്പോര്‍ട്ട്സില്‍ പറഞ്ഞു.
”അവന്‍ ഒരു ഓള്‍ഫോര്‍മാറ്റ് പ്ലെയറാണ്. ഒരു ബാറ്റര്‍ എന്ന നിലയില്‍ പ്രതിരോധിക്കാനും ആക്രമിക്കാനുമുള്ള ടെക്നിക്ക് അവനുണ്ട്. മത്സരത്തില്‍ അവന് 1 മുതല്‍ ആറോ ഏഴോ ഗിയര്‍ വരെ പോവാന്‍ സാധിക്കും. ഒരു ടെസ്റ്റ് മത്സരത്തില്‍ ജയിംസ് ആന്‍ഡേഴ്സണെ 3 പന്തില്‍ 3 സിക്സ് പറത്തിയത്, അവന്‍ എത്രമാത്രം കഴിവുള്ള ഒരു ബാറ്ററാണെന്ന് കാണിക്കുന്നു.” കൈഫ് കൂട്ടിചേര്‍ത്തു.
ജയ്സ്വാളിന്‍റെ അടുത്ത ഡ്യൂട്ടി ഐപിഎല്ലിലാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രധാന താരമാണ് ഈ യുവ ഓപ്പണര്‍. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 625 റണ്‍സ് ആണ് സ്കോര്‍ ചെയ്തത്.