ഈ മാസം അവസാനമാണ് യുഎഇയിൽ വച്ച് ഏഷ്യാകപ്പ് അരങ്ങേറുന്നത്. ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് സഞ്ജുവിനെ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
ടീമിന് അത്യാവശ്യം ഉള്ളത് മാച്ച് വിന്നർമാരെ ആണെന്നും അതുകൊണ്ടാണ് സഞ്ജുവിനെ തഴഞ്ഞ് ദിനേഷ് കാർത്തികിനെ ടീമിലെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യൻ ടീമിലെ ടോപ് ഓർഡർ നിര സുരക്ഷിതമാണ്.ആദ്യ നാല് സ്ഥാനങ്ങളിൽ രോഹിത്, രാഹുൽ,കോലി,സൂര്യകുമാർ എന്നിവർ ഇറങ്ങുമ്പോൾ അഞ്ചാം സ്ഥാനത്ത് പന്തും,ആറാം സ്ഥാനത്ത് ഹർദിക് പാണ്ഡ്യയും വരും. ദിനേഷ് കാർത്തിക് ബാറ്റിംഗിന് ഇറങ്ങുകയാണെങ്കിൽ ഏഴാമൻ ആയിട്ടാണ് ഇറങ്ങാൻ സാധ്യതയുള്ളൂ. ഒരുപക്ഷേ അദ്ദേഹത്തിന് ബാറ്റിങ്ങിന് അവസരം ലഭിക്കുമോ എന്ന് തന്നെ സംശയമാണ്.
ഇതിനെ സംബന്ധിച്ച് കൈഫ് പറഞ്ഞ വാക്കുകൾ വായിക്കാം..”ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ രോഹിത്, രാഹുൽ,കോലി, സൂര്യകുമാർ എന്നിങ്ങനെ ആദ്യ നാലു സ്ഥാനങ്ങൾ സുരക്ഷിതമാണ്. അഞ്ചാം നമ്പറിൽ റിഷ്ബ് പന്ത് ആറാമതായി ഹാർദ്ദിക് പാണ്ഡ്യയും എത്തും. കാർത്തിക് കളിക്കുകയാണെങ്കിൽ ഏഴാമനായെ
ഇറങ്ങാനിടയുള്ളു. അദ്ദേഹത്തിന് അവസരം കിട്ടുമോ എന്നും ഉറപ്പില്ല.ഒരു ടീമിൽ എത്ര വിക്കറ്റ് കീപ്പർമാരാണുള്ളത്.റിഷഭ് പന്തും ദിനേശ് കാർത്തിക്കുമുണ്ട്. ഇനി സഞ്ജു സാംസണെ കൂടി ഉൾപ്പെടുത്തിയാൽ മൂന്ന് വിക്കറ്റ് കീപ്പർമാരാകും. ദിനേശ് കാർത്തിക്കിനെ പോലെ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ കളിക്കാത്തതാണ് സഞ്ജുവിനെ ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കാനുള്ള പ്രധാന കാരണം.
വെസ്റ്റ് ഇൻഡീസിൽ സഞ്ജു മികവ് കാട്ടിയെങ്കിലും മത്സരഫലത്തെ സ്വാധീനിക്കുന്ന ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് ഇല്ലായിരുന്നു. എന്നാൽ ദിനേശ് കാർത്തിക് ആകട്ടെ ഫിനിഷർ എന്ന നിലയിൽ മികച്ച പ്രകടനം നടത്തുന്നു. കളിയിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടാണ് ആളുകൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നത്.കാരണം, ഏഴാമനായി വന്നിട്ടും നിരവധി മത്സരങ്ങളിൽ മികച്ച രീതിയിൽ ഇന്നിംഗ്സ് ഫിനിഷ് ചെയ്യാനും നിരവധി കളികൾ ജയിപ്പിക്കാനും കാർത്തിക്കിനായി. എല്ലാ ടീമുകളും ആഗ്രഹിക്കുന്നത് മാച്ച് വിന്നർമാരെയാണ്.
സഞ്ജു അടുത്തകാലത്ത് മികച്ച പ്രകടനങ്ങൾ നടത്തുന്നുണ്ട്. അതുകൊണ്ടാണ് വിൻഡീനെതിരായ പരമ്പരയിൽ അവസരം ലഭിച്ചത്. ഇപ്പോൾ മിക്കവാറും എല്ലാ പരമ്പരകളിലും സഞ്ജു ടീമിലുണ്ടാകാറുണ്ട്. അത് നല്ല കാര്യമാണ്. ടീമിൽ അവസരം ലഭിക്കുന്നുണ്ടല്ലോ. ഇന്ത്യൻ ടീമിലെത്താനുള്ള മത്സരം വളരെ കടുത്തതാണ്. സെലക്ടർമാരുടെ ജോലി അത്ര എളുപ്പമല്ല.”- കൈഫ് പറഞ്ഞു.