ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ 2 യുവതാരങ്ങളാണ് അരങ്ങേറ്റം കുറിച്ചത്. സർഫറാസ് ഖാനും ധ്രുവ് ജൂറലും. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ തകർപ്പൻ ഇന്നിംഗ്സ് ഇന്ത്യക്കായി പുറത്തെടുക്കാൻ സർഫറസിന് സാധിച്ചിരുന്നു. ശേഷം രണ്ടാം ദിവസം കാണാൻ സാധിച്ചത് ജുറലിന്റെ ബാറ്റിംഗ് മികവാണ്.
വളരെ പക്വതയോടെ ഒരു തകർപ്പൻ ടെസ്റ്റ് ഇന്നിംഗ്സാണ് ജൂറൽ മത്സരത്തിൽ കളിച്ചത്. രവിചന്ദ്രൻ അശ്വിനുമൊപ്പം ചേർന്ന് തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്ത ജുറൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയുണ്ടായി. മാത്രമല്ല മത്സരത്തിൽ ചില റെക്കോർഡുകൾ സ്വന്തമാക്കാനും ജൂറലിന് സാധിച്ചു.
ഇന്നിംഗ്സിൽ 104 പന്തുകൾ നേരിട്ട ജൂറൽ 46 റൺസാണ് നേടിയത്. എട്ടാം വിക്കറ്റിൽ അശ്വിനുമൊപ്പം ചേർന്ന് 77 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ജുറലിന് സാധിച്ചിരുന്നു. 2 ബൗണ്ടറികളും 3 സിക്സറുകളുമാണ് ഈ യുവതാരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഈ ഇന്നിങ്സിലൂടെ മറ്റൊരു റെക്കോർഡും ജൂറൽ സ്വന്തമാക്കുകയുണ്ടായി.
തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ തന്നെ ഇന്ത്യക്കായി 3 സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡ് ആണ് ജുറൽ സ്വന്തമാക്കിയത്. ഇന്ത്യക്കായി ഈ റെക്കോർഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ജൂറൽ. മുൻപ് ഹർദിക് പാണ്ഡ്യ തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ തന്നെ 3 സിക്സറുകൾ സ്വന്തമാക്കി ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.
എന്തായാലും തന്റെ കരിയറിന് വളരെ മികച്ച തുടക്കം തന്നെയാണ് ജൂറലിന് ലഭിച്ചിട്ടുള്ളത്. മാത്രമല്ല വാലറ്റത്തെ കൂട്ടുപിടിച്ച് മികച്ച ഒരു പ്രകടനം നടത്താനും ഇന്ത്യയെ കൈപിടിച്ചു കയറ്റാനും ഈ താരത്തിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. നായകൻ രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ വമ്പൻ കുതിപ്പ് നടത്തിയത്.
രോഹിത് മത്സരത്തിൽ 131 റൺസും, ജഡേജ 112 റൺസും നേടുകയുണ്ടായി. ശേഷമാണ് മറ്റൊരു അരങ്ങേറ്റക്കാരനായ സർഫറാസ് ഖാൻ ക്രീസിലെത്തുകയും ഏകദിന ശൈലിയിൽ കളിച്ച് ഇന്ത്യയ്ക്ക് ആധിപത്യം നേടിക്കൊടുക്കുകയും ചെയ്തത്.
സർഫറാസ് മത്സരത്തിൽ 66 പന്തുകളിൽ 62 റൺസാണ് നേടിയത്. ശേഷം ജൂറലും അശ്വിനും ചേർന്ന് ഇന്ത്യയുടെ സ്കോർ ഉയർത്തി. അവസാന വിക്കറ്റിൽ ബൂമ്രയും തരക്കേടില്ലാത്ത സംഭാവന നൽകിയതോടെ ഇന്ത്യ 445 എന്ന സ്കോറിൽ എത്തുകയായിരുന്നു.
എന്നാൽ ബാറ്റിംഗിന് അനുകൂലമായ വിക്കറ്റിൽ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിക്കുമോ എന്ന സംശയം നിലനിൽക്കുന്നു. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് യുവതാരങ്ങളുടെ മികച്ച പ്രകടനം ഒരുപാട് ആശ്വാസം നൽകുന്നതാണ്. വരുന്ന ടെസ്റ്റ് മത്സരങ്ങളിലും യുവതാരങ്ങൾ ഈ പ്രകടനം ആവർത്തിക്കും എന്ന പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.