ക്രിക്കറ്റ് ലോകം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐപിൽ മെഗാ താരലേലത്തിന് ബാംഗ്ലൂരിൽ വാശി നിറഞ്ഞ ലേല നടപടികളോടെ തുടക്കം. ഒന്നാം ദിനം ലേലത്തിൽ സൂപ്പര്‍ താരങ്ങൾ എല്ലാം കോടികൾ സ്വന്തമാക്കി വിവിധ ടീമുകളിലേക്ക് സ്ഥാനം നേടി. ഇന്ത്യൻ ഓഫ് സ്പിന്നർ രവി അശ്വിനെ രാജസ്ഥാൻ റോയൽസ് ടീം 5 കോടി രൂപക്കാണ് സ്‌ക്വാഡിലേക്ക് എത്തിച്ചത്.
എന്നാൽ വളരെ രസകരമായ ചില ചർച്ചകൾക്കും കൂടി രാജസ്ഥാൻ റോയൽസ് ടീമിലേക്കുള്ള അശ്വിന്റെ വരവ് കാരണമായി മാറി കഴിഞ്ഞു. സഞ്ജു സാംസൺ നായകൻ കൂടിയായ രാജസ്ഥാൻ റോയൽസ് ടീം നേരത്തെ ഇംഗ്ലണ്ട് താരമായ ജോസ് ബട്ട്ലർ, ഇന്ത്യൻ യുവ താരം യശസ്സി ജെയ്സ്വാൾ എന്നിവരെ സ്‌ക്വാഡില്‍ നിലനിര്‍ത്തിയിരുന്നു.
അതേസമയം നേരത്തെ ഐപിഎല്ലിൽ ഒരു മത്സരത്തിനിടയിൽ അശ്വിനും ജോസ് ബട്ട്ലറൂം തമ്മിൽ നടന്ന നാടകീയ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് ക്രിക്കറ്റ് ലോകം.മുൻപ് പഞ്ചാബ് കിംഗ്സ് : രാജസ്ഥാൻ റോയൽസ് കളിയിൽ അശ്വിൻ ബൗളിങ്ങിനിടയിൽ ജോസ് ബട്ട്ലറെ മങ്കാദിങ്ങ് വഴി പുറത്താക്കിയിരുന്നു. ക്രിക്കറ്റ് ലോകത്ത് വ്യത്യസ്ത അഭിപ്രായങ്ങൾ മാത്രം സൃഷ്ടിച്ച ഈ സംഭവത്തിന് പിന്നാലെ അശ്വിനും ബട്ട്ലറൂം തമ്മിൽ പല തവണ വാക് തർക്കങ്ങൾ അടക്കം വളരെ അധികം സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ അശ്വിൻ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തുമ്പോൾ എന്താകും ഇംഗ്ലണ്ട് സ്റ്റാർ ബാറ്റ്‌സ്മാന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
എന്നാൽ ഇക്കാര്യത്തിൽ താരങ്ങളുടെ നിലപാട് എന്തെന്ന് വിശദമാക്കുകയാണ് രാജസ്ഥാൻ റോയൽസ് സീഇഒ.രവി അശ്വിന്റെ ടീമിലേക്കുള്ള വരവ് ഉറപ്പായും രാജസ്ഥാൻ റോയൽസ് ടീമിന് വളരെ കരുത്തായി മാറുമെന്ന് പറഞ്ഞ അദ്ദേഹം അശ്വിനെ സ്‌ക്വാഡിലേക്ക് എത്തിക്കാൻ ലേലത്തിന് മുൻപ് തീരുമാനീച്ചിരുന്നതായി പറഞ്ഞു. “ഞങ്ങൾ ലേലത്തിന് മുൻപ് തന്നെ അശ്വിനെ ടീമിലേക്ക് എത്തിക്കാൻ ആഗ്രഹിച്ചിരുന്നു. കൂടാതെ ഈ കാര്യം ബട്ട്ലർക്കൊപ്പം ഞങ്ങൾ സംസാരിച്ചു. അദ്ദേഹത്തിന് ഈ കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. അദ്ദേഹം പൂർണ്ണ ഹാപ്പിയായിരിന്നു” രാജസ്ഥാൻ റോയൽസ് സീഇഒ അഭിപ്രായം തുറന്ന് പറഞ്ഞു.