ഇന്നലെ ബാംഗ്ലൂരിനെതിരെ തകർപ്പൻ സെഞ്ചുറി നേടി രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോസ് ബട്‌ലർ. ബാംഗ്ലൂരിനെതിരെ ഏഴ് വിക്കറ്റിൻ്റെ വിജയമാണ് രാജസ്ഥാൻ ഇന്നലെ കരസ്ഥമാക്കിയത്. മത്സരത്തിൽ സെഞ്ചുറി നേടിയതോടെ ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും അധികം സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പമാണ് ജോസ് ബട്ട്ലർ എത്തിയത്.
60 പന്തിൽ നിന്നും 10 ഫോറുകളും 6 സിക്സറുകളും മടക്കം പുറത്താകാതെ 106 റൺസാണ് താരം നേടിയത്. 2016ൽ വിരാട് കോഹ്ലി കുറിച്ച റെക്കോർഡിനൊപ്പം ആണ് താരം എത്തിയത്. നാല് സെഞ്ച്വറികളും വ്യത്യസ്തമായ ടീമിനെതിരെയാണ് അന്ന് നേടിയത്.
മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കെതിരെ ബട്ട്ലർ സെഞ്ചുറി നേടിയിരുന്നു. ഐപിഎല്ലിൽ താരത്തിൻ്റെ അഞ്ചാം സെഞ്ചുറി ആണിത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയവരുടെ പട്ടികയിൽ അഞ്ച് സെഞ്ച്വറികളോടെ വിരാട് കോഹ്ലിക്കൊപ്പം ബട്‌ലർ എത്തി.
സീസണിൽ ഇതുവരെ 824 റൺസാണ് താരം നേടിയിട്ടുള്ളത്. ഒരു സീസണിൽ എണ്ണൂറിലധികം റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് ബട്ട്ലർ. ഇതിനു മുമ്പ് ഒരു സീസണിൽ എണ്ണൂറിലധികം റൺസ് നേടിയത് വിരാട് കോഹ്ലിയും ഡേവിഡ് വാർണറുമാണ്.