ഇംഗ്ലണ്ടിനെതിരെ നാളെയാണ് ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടം. ഇരു ടീമുകളും ശക്തരായതിനാൽ സെമിഫൈനലിൽ ആര് വിജയിക്കും എന്നത് പ്രവചിക്കാൻ സാധിക്കുകയില്ല. എന്നാലും നിലവിലെ ഫോം അടിസ്ഥാനപ്പെടുത്തി നോക്കുകയാണെങ്കിൽ ഇംഗ്ലണ്ടിനേക്കാളും ഒരു പടി മുന്നിൽ ഇന്ത്യയാണ്. 22 പ്രാവശ്യമാണ് ട്വൻ്റി-20യിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വന്നിട്ടുള്ളത്. 12 തവണ ഇന്ത്യ വിജയിച്ചപ്പോൾ 10 തവണ വിജയം ഇംഗ്ലണ്ടിന്റെ കൂടെയായിരുന്നു. ടൂർണമെൻ്റ് തുടങ്ങുന്നതിനു മുമ്പ് ഇന്ത്യയുടെ ബൗളർമാരായിരുന്നു ആശങ്ക ഉയർത്തിയിരുന്നത്.
എന്നാൽ ഇതുവരെയും ലോകകപ്പിൽ മികച്ച പ്രകടനമാണ് ബൗളർമാർ കാഴ്ചവച്ചത്. ന്യൂ ബോളിൽ യുവതാരം അർഷദീപ് സിങും ഭുവനേശ്വർ കുമാറും മികച്ച പ്രകടനം നടത്തുമ്പോൾ ഇന്ത്യക്ക് പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോഴിതാ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ. ഭുവനേശ്വർ കുമാറിന്റെ ന്യൂബോളിനെ കുറിച്ചും ജോസ് ബട്ട്ലർ സംസാരിച്ചു. ടി20യില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ 32 പന്തുകള്‍ നേരിട്ടതില്‍ അഞ്ച് തവണെയും ബട്ട്ലര്‍ പുറത്തായിരുന്നു.
“എൻ്റെ കളിയിൽ ഞാൻ പൂർണ്ണ വിശ്വസ്തനാണ്.കരിയറിൽ മറ്റുള്ള ബൗളർമാരെക്കാൾ വെല്ലുവിളി ഉയർത്തുന്ന ചില ബൗളർമാർ ഉണ്ടാകുമെന്നത് സത്യമാണ്. ചിലപ്പോൾ അവർക്കെതിരെ നല്ല പ്രകടനവും ചിലപ്പോൾ മോശം പ്രകടനവും ഉണ്ടാവാം, എന്നാൽ ആരെയും പേടിക്കുന്നില്ല. എപ്പോഴും മികച്ച തയ്യാറെടുപ്പുകളോടെയാണ് ഇറങ്ങുന്നത്.
ബൗളറെ നോക്കിയല്ല പന്തിനെ നോക്കിയാണ് കളിക്കുന്നത്.ഇന്ത്യ ശക്തരായ താരങ്ങളുടെ നിരയാണ്. അതുകൊണ്ട് തന്നെ മികച്ചൊരു മത്സരം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ലോകത്തിലെ മികച്ച സ്‌റ്റേഡിയത്തിലൊന്നില്‍ ഇന്ത്യയെപ്പോലെ കരുത്തരായ ടീമിനെ നേരിടുമ്പോള്‍ ആവേശമുണ്ട്. ഒരു താരമെന്ന നിലയില്‍ ഇത്തരം വെല്ലുവിളികളെ നേരിടണമെന്നതാണ് കരുതുന്നത്.”- ബട്ട്ലർ പറഞ്ഞു.