ഇംഗ്ലണ്ടിന്റെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന താരങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇടം പിടിക്കാൻ റൂട്ടിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ 2555 റൺസാണ് റൂട്ട് സ്വന്തമാക്കിയിട്ടുള്ളത്.
ഓസ്ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിങ്ങും ഇതേ റൺസുമായി ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ 2431 സ്വന്തമാക്കിയിട്ടുള്ള ഇംഗ്ലണ്ടിന്റെ മുൻ താരം അലസ്റ്റര്‍ കുക്കാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരെ 2344 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ള ലോയിഡ് നാലാം സ്ഥാനത്തും, 2228 റൺസ് നേടിയിട്ടുള്ള ജാവേദ് മിയാൻദാദ് അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.
ഇതിനൊപ്പം ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള താരം എന്ന റെക്കോർഡ് റൂട്ട് സ്വന്തമാക്കുകയുണ്ടായി. ഇതുവരെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിൽ 2555 റൺസാണ് റൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. 2535 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് റൂട്ട് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയത്
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിൽ 2483 റൺസ് സ്വന്തമാക്കിയിട്ടുള്ള സുനിൽ ഗവാസ്കറാണ് ലിസ്റ്റിൽ മൂന്നാമൻ. മത്സരങ്ങളിൽ 2431 റൺസ് നേടിയിട്ടുള്ള കുക്ക് നാലാം സ്ഥാനത്തും, 1991 റൺസുമായി ഇന്ത്യൻ സീനിയർ താരം വിരാട് കോഹ്ലി ലിസ്റ്റിൽ അഞ്ചാമതും നിൽക്കുന്നു.
എന്നിരുന്നാലും ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ റൂട്ടിന് സാധിച്ചില്ല. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ റൂട്ട് തരക്കേടില്ലാത്ത രീതിയിലാണ് ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ രവീന്ദ്ര ജഡേജയുടെ പന്തിൽ ബൂമ്രയ്ക്ക് ക്യാച്ച് നൽകി റൂട്ട് മടങ്ങുകയായിരുന്നു.
മത്സരത്തിൽ 60 പന്തുകൾ നേരിട്ട റൂട്ട് 29 റൺസ് മാത്രമാണ് നേടിയത്. തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 246 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് കൂട്ടിച്ചേർക്കാൻ സാധിച്ചത്. ഇംഗ്ലണ്ടിനായി നായകൻ സ്റ്റോക്സ് മത്സരത്തിൽ 88 പന്തുകളിൽ 70 റൺസുമായി മികവു പുലർത്തി. 6 ബൗണ്ടറികളും 3 സിക്സറുകളും സ്റ്റോക്സിന്റെ ഇന്നീങ്‌സിൽ ഉൾപ്പെട്ടു.
ഇന്ത്യക്കായി മത്സരത്തിൽ സ്പിന്നർമാർ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും അശ്വിനും ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. അക്ഷറും ബൂമ്രയും രണ്ട് വിക്കറ്റുകൾ വീതം നേടിയപ്പോൾ ഇംഗ്ലണ്ട് ഇന്നിങ്സ് 246 റൺസിൽ അവസാനിക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ തന്നെ ശക്തമായ ആധിപത്യം പുലർത്തി ഇംഗ്ലണ്ടിനെ പിന്നിലാക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ടെസ്റ്റ് പരമ്പരയാണ് നടക്കുന്നത്.