ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് ഇന്ന് ആദ്യ ടെസ്റ്റ് മത്സരത്തോടെ തുടക്കമാകും .
ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രാവിലം 9.30 ന് മത്സരം ആരംഭിക്കും .11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ അന്താരാഷ്ട്ര മത്സരം നടക്കുന്നത്. 2020 മാർച്ച് മാസം ദക്ഷിണാഫ്രിക്ക പരമ്പരക്കായി ഇന്ത്യയിലെത്തിയ നാളുകളിലാണ് ആഗോള തലത്തിൽ കൊറോണ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. അതോടെ ആ പരമ്പര റദ്ധാക്കിയിരുന്നു .
അതേസമയം ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങുന്ന ഇംഗ്ലണ്ട് ടീം നായകൻ ജോ റൂട്ടിനെ ഒരു അപൂർവ നേട്ടം കാത്തിരിപ്പുണ്ട് . ഇംഗ്ലണ്ട് ടീം നായകൻ ഇന്ന് ഇറങ്ങുന്നത് തന്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കുവാൻ വേണ്ടിയാണ് .ടീം ഇഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും റൂട്ട് ഏറെ അഭിമാനത്തോടെയാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ശ്രീലങ്കയെ അവരുടെ മണ്ണിൽ തറപറ്റിച്ചാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യയിലേക്കുള്ള വരവ്.
” സെഞ്ച്വറികൾ തന്റെ ബാറ്റിൽ നിന്നും വരുന്നതിൽ ഏറെ സന്തോഷം.
അതുപോലെ ടീമിനായി നൂറാം ടെസ്റ്റ് കളിക്കാനാവുക എന്നത് ഒരിക്കലും ചെറിയകാര്യമല്ല. അത് എനിക്കും നല്ലത് പോലെ അറിയാം .ലോകം കണ്ട പ്രതിഭാശാലികളായ കളിക്കാർ മാത്രമാണ് രാജ്യങ്ങൾക്കായി നൂറ് ടെസ്റ്റുകളിൽ കളിച്ചിട്ടുള്ളതെന്നത് തന്നെ കൂടുതൽ ആവേശഭരിതനാക്കുന്നു. ഷെഫ്ഫീൽഡിലെ ആ ചെറിയകുട്ടി ഇംഗ്ലണ്ടിനായി കളിക്കുന്നത് സ്വപ്‌നം കണ്ട ആ ഓർമ്മകൾ ആവേശം തരികയാണ്.’ റൂട്ട് പറഞ്ഞു.
ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് പ്രതീക്ഷകൾ എല്ലാം നായകൻ ജോ റൂട്ടിൽ തന്നെയാണ് . നേരത്തെ ലങ്കക്ക് എതിരെ 2-0ന്റെ പരമ്പര ജയത്തിൽ ആദ്യ ടെസ്റ്റിൽ 228 റൺസും രണ്ടാം ടെസ്റ്റിൽ 186 റൺസും കുറിച്ചാണ് ടീമിനെ ബാറ്റിങ്ങിൽ മുന്നിൽ നിന്നും റൂട്ട് നയിച്ചത്. 2012ലാണ് ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ടെസ്‌ററ് തോൽവി അറിഞ്ഞത്. അത് അലസ്റ്റർ കുക്കിന്റെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ടിനോടായിരുന്നു. അന്നും റൂട്ട് ടീമിന്റെ ഭാഗമായിരുന്നു.