ഞാനില്ലെങ്കിലെന്താ, സഞ്ജു ടീമിലുണ്ടല്ലോ. സഞ്ജു അർഹനാണ്.. പുറത്താക്കിയത്തിൽ നിരാശനല്ലെന്ന് ജിതേഷ്.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ബാറ്ററായിരുന്നു ജിതേഷ് ശർമ. പഞ്ചാബ് കിങ്സിനായി മധ്യനിരയിൽ വെടിക്കെട്ട് ഷോട്ടുകളുടെ ഒരു ഘോഷയാത്രയായിരുന്നു ജിതേഷ് ഒരുക്കിയിരുന്നത്. എന്നാൽ ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ ജിതേഷിനെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും താൻ ഒരു കാരണവശാലും നിരാശനല്ല എന്നാണ് ജിതേഷ് ശർമ ഇപ്പോൾ പറയുന്നത്. തനിക്ക് പകരം സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്തിയതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും, സഞ്ജു വളരെയേറെ അനുഭവസമ്പത്തുള്ള കളിക്കാരനാണെന്നും ജിതേഷ് ശർമ്മ പറയുകയുണ്ടായി. ഇന്ത്യൻ ടീമിൽ താൻ അവസരം പ്രതീക്ഷിച്ചിരുന്നുവെന്നും, പക്ഷേ ഈ തഴയൽ മറ്റൊരു വലിയ അവസരത്തിനായുള്ള മുന്നോടിയാവും എന്നും ജിതേഷ് പറയുന്നു.

“സെലക്ടർമാർ കൈകൊണ്ട തീരുമാനത്തിൽ ഞാൻ ഒരു കാരണവശാലും നിരാശനല്ല. മറ്റെന്തെങ്കിലും മികച്ച അവസരങ്ങൾ എന്നെ തേടിയെത്തും എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നെ ഒഴിവാക്കുക എന്നത് സെലക്ടർമാർക്ക് ഒരു കഠിന തീരുമാനമാമായിരുന്നേക്കാം. അത് ഞാൻ പൂർണ്ണമായും മനസ്സിലാക്കുകയാണ്.”- ജിതേഷ് ശർമ പറയുന്നു.

“2023ലെ ഐപിഎല്ലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഒരു ക്രിക്കറ്റർ തന്നെയാണ് സഞ്ജു സാംസൺ. ട്വന്റി20 ഫോർമാറ്റിൽ വലിയ അനുഭവസമ്പത്ത് തന്നെ സഞ്ജുവിനുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അതിനാൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ട് എന്നെ തഴഞ്ഞതിൽ എനിക്ക് നിരാശയില്ല. എന്നിരുന്നാലും മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ എനിക്ക് കൂടുതൽ പ്രതീക്ഷകൾ ഉണ്ടാവാറുണ്ട്. ഇതിൽ എല്ലാത്തിനുമുപരി നമ്മൾ മനുഷ്യരാണ്. അതുകൊണ്ടുതന്നെ വരും നാളുകളിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് വിശ്വസിക്കാനേ നമുക്ക് സാധിക്കൂ.” – ജിതേഷ് ശർമ കൂട്ടിച്ചേർത്തു.

“എന്നെ മാറ്റി നിർത്തിയതിൽ എനിക്ക് വേറെ കുഴപ്പങ്ങളില്ല. മറ്റെന്തെങ്കിലും നല്ല കാരണത്താലാണ് അവർ എന്നെ മാറ്റി നിർത്തിയത് എന്നാണ് ഞാൻ കരുതുന്നത്. എന്തായാലും വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ അണിനിരക്കാനായി തിരിക്കുന്ന എല്ലാ താരങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു”- ജിതേഷ് ശർമ പറഞ്ഞുവയ്ക്കുന്നു. കുറച്ചധികം നാളുകൾക്കുശേഷമാണ് സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ ഇത്രയധികം അവസരങ്ങൾ ലഭിക്കുന്നത്. അതിനാൽ തന്നെ ഏകദിന പരമ്പരയിലും ട്വന്റി20 പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവച്ച് ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാനാണ് സഞ്ജുവിന്റെ ശ്രമം.

Previous articleസഞ്ജുവിനെ 5 ട്വന്റി20 മത്സരങ്ങളിലും അഴിച്ചുവിടണം, ഹർഷ ഭോഗ്ലെയുടെ വാക്കുകൾ ഇങ്ങനെ
Next articleപൂജാരയ്ക്ക് പകരം യുവ അസ്ത്രത്തെ ആദ്യ ടെസ്റ്റിൽ കളിപ്പിക്കാൻ ഇന്ത്യ. വിൻഡിസ് കരുതിയിരുന്നോ.