വനിതാ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഡൽഹി ടീമിനെതിരെ ഒരു തകർപ്പൻ ഫിനിഷിങ്ങുമായാണ് മലയാളി താരം സജന ശ്രദ്ധ പിടിച്ചുപറ്റിയത്. മത്സരത്തിൽ മുംബൈയ്ക്ക് അവസാന പന്തിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസാണ്. ഈ സമയത്ത് സജന ലോങ് ഓണിന് മുകളിലൂടെ ഒരു സിക്സർ പറത്തി.
മുംബൈയെ 4 വിക്കറ്റ് വിജയത്തിലെത്തിക്കാൻ സജനയ്ക്ക് സാധിച്ചു. ഇതിന് ശേഷം സജനയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ താരമായ ജമീമ റോഡ്രിഗസ്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജമീമ സജനയെ പ്രശംസിച്ചു സംസാരിച്ചത്.
കേരളത്തിലുണ്ടായ പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ട ഒരു താരമാണ് സജനയെന്നും അവളിൽ നിന്ന് ഇത്തരമൊരു പ്രകടനം ഉണ്ടായത് വളരെ സന്തോഷം നൽകുന്നു എന്നും ജമീമ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിക്കുകയുണ്ടായി. ഒരു ഡൽഹി താരം എന്ന നിലയ്ക്ക് തങ്ങൾ ഉദ്ദേശിച്ച ഫലമല്ല തങ്ങൾക്ക് ലഭിച്ചതെങ്കിലും, സജനയുടെ ഫിനിഷിംഗ് വലിയ സന്തോഷം നൽകുന്നു എന്നും ജമീമ കുറിക്കുകയുണ്ടായി. മാത്രമല്ല വരും സമയത്ത് സജന ഒരു പ്രധാന താരമായി മാറുമെന്നും ജമീമ പ്രതീക്ഷിക്കുന്നു. വനിതാ പ്രീമിയർ ലീഗിലെ തന്റെ ആദ്യ മത്സരത്തിലാണ് സജന ഇത്തരം വളരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്കായി അലിസ് ക്യാപ്സിയാണ് മത്സരത്തിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൽ 53 പന്തുകൾ നേരിട്ട ക്യാപ്സി 75 റൺസ് നേടി. ഒപ്പം ജമീമ 24 പന്തുകളിൽ 42 റൺസുമായി കളം നിറഞ്ഞു. ഇതോടെ ഡൽഹി നിശ്ചിത 20 ഓവറുകളിൽ 171 എന്ന സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ യാഷ്ടിക ഭാട്ടിയ മുംബൈക്കായി മികച്ച തുടക്കം നൽകി. പിന്നാലെ നായിക ഹർമൻപ്രീറ്റ് കോറും അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയതോടെ മുംബൈ വിജയത്തിന് അടുത്തേക്ക് എത്തി. അവസാന ബോളിൽ 5 റൺസ് വേണമെന്നിരിക്കെയാണ് സജന മുംബൈയുടെ ഹീറോയായി മാറിയത്.