ജസ്പ്രീത് ബുമ്ര ഇനിയും ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ പാടില്ല എന്ന് മുൻ പാക്കിസ്ഥാൻ താരം ശുഐബ് അക്തർ. ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയും അധികം കാലം കളിക്കുന്നത് ബുമ്രയുടെ ഫിറ്റ്നസിനെയും മറ്റും ബാധിക്കും എന്നാണ് അക്തർ പറയുന്നത്. നിലവിൽ 20.01 എന്ന ശരാശരിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ബുമ്രയ്ക്കുള്ളത്.
കഴിഞ്ഞ സമയങ്ങളിലൊക്കെയും മികച്ച പ്രകടനങ്ങൾ ഇന്ത്യക്കായി കാഴ്ചവച്ച് എല്ലാ ഫോർമാറ്റുകളിലെയും താരമായി മാറാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ബുമ്ര ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് അക്തർ ഇപ്പോൾ വാചാലനാവുന്നത്..
ഒരു പ്രമുഖ പാക്കിസ്ഥാൻ ചാനലിൽ സംസാരിക്കുന്ന സമയത്താണ് അക്തർ ഇതിനെപ്പറ്റി സംസാരിച്ചത്. “നിശ്ചിത ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുന്ന ബോളറാണ് ബൂമ്ര. അവന് ട്വന്റി20 മത്സരങ്ങളിലും ഏകദിനങ്ങളിലും മികച്ച രീതിയിൽ പന്തറിയാൻ സാധിക്കും. കാരണം കൃത്യമായി ലെങ്ത് മനസ്സിലാക്കാനുള്ള കഴിവ് അവനുണ്ട്. ഡെത്ത് ഓവറുകളിൽ ബാറ്റർമാരെ സംബന്ധിച്ച് ബൂമ്ര വളരെ അപകടകാരിയാണ്. പവർപ്ലെയിലും കൃത്യമായി സ്വിങ് കണ്ടെത്താനും ഇരുവശങ്ങളിലേക്കും പന്തിൽ ചലനങ്ങൾ ഉണ്ടാക്കാനും ബുമ്രയ്ക്ക് സാധിക്കും.”- അക്തർ പറയുന്നു.
“പക്ഷേ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോൾ ബോളർമാർ കൃത്യമായി ദൈർഘ്യമുള്ള സ്പെല്ലുകൾ എറിയേണ്ടത് ആവശ്യമാണ്. ഈ ഫോർമാറ്റിൽ ബോളർമാർ പേസും കാത്തുസൂക്ഷിക്കണം. കാരണം ടെസ്റ്റ് മത്സരങ്ങളിൽ ബാറ്റർമാർ നമുക്കെതിരെ ആക്രമണം അഴിച്ചു വിടില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ടെസ്റ്റിൽ ലെങ്ത് അപ്രസക്തമാണ് മാത്രമല്ല പേസ് ഇല്ലാത്ത സാഹചര്യത്തിൽ ബോളിന് സീമോ റിവേഴ്സോ ലഭിച്ചില്ലെങ്കിൽ അത് ബോളർമാരെ ബാധിക്കുകയും ചെയ്യും. അങ്ങനെ നമ്മൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകും. അതിന് ശേഷം ആളുകൾ നമ്മളെ ചോദ്യം ചെയ്യാനും തുടങ്ങും.”- അക്തർ പറയുന്നു.
“ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കുന്ന ബോളറാണ് ബൂമ്ര എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബുമ്രയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല പക്ഷേ അവൻ ടെസ്റ്റ് ക്രിക്കറ്റിൽ തുടരാൻ തീരുമാനിക്കുകയാണെങ്കിൽ, അവൻ കുറച്ചുകൂടി പേസ് വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇത്തരത്തിൽ തന്റെ പേസ് വർദ്ധിപ്പിക്കുന്നതിലൂടെ അവന് പരിക്കു പറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ബുമ്രയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ മാത്രമേ കളിക്കുമായിരുന്നുള്ളൂ.”- അക്തർ പറഞ്ഞു വയ്ക്കുന്നു