ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍, മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട സണ്‍റൈസേഴ്സ് ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ 193 റണ്‍സാണ് നേടിയത്. 44 പന്തില്‍ 76 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ടോപ്പ് സ്കോറര്‍. മത്സരത്തില്‍ വമ്പന്‍ മാറ്റങ്ങളുമായാണ് ഹൈദരബാദ് എത്തിയത്.
പ്രിയം ഗാര്‍ഗായിരുന്നു അഭിഷേക് ശര്‍മ്മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. അഭിഷേക് ശര്‍മ്മ അതിവേഗം മടങ്ങിയെങ്കിലും, പ്രിയം ഗാര്‍ഗ് (26 പന്തില്‍ 42), നിക്കോളസ് പൂരാന്‍ (22 പന്തില്‍ 38) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ ടോട്ടല്‍ അതിവേഗം കുതിച്ചു. സണ്‍റൈസേഴ്സ് ഹൈദരബാദ് ടോട്ടല്‍ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഡെത്ത് ഓവറില്‍ തകര്‍പ്പന്‍ തിരിച്ചു വരവാണ് മുംബൈ നടത്തിയത്.
അവസാന 4 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റാണ് മുംബൈ ബോളര്‍മാര്‍ വീഴ്ത്തിയത്. അവസാന ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബൂംറ വഴങ്ങിയതാവട്ടെ വെറും 7 റണ്‍ മാത്രം. ഇന്നിംഗ്സിന്‍റെ അവസാന ബോളില്‍ വാഷിങ്ങ് ടണ്‍ സുന്ദറിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തായിരുന്നു ഇന്ത്യന്‍ ബൗളര്‍ മടങ്ങിയത്.
സണ്‍റൈസേഴ്സ് ഹൈദരബാദ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും വാഷിങ്ങ് ടണ്‍ സുന്ദറും ക്രീസില്‍ ഉള്ളപ്പോഴായിരുന്നു ജസ്പ്രീത് ബൂംറയുടെ തകര്‍പ്പന്‍ ഓവര്‍. മത്സരത്തിന്‍റെ അവസാനം ടി20 ക്രിക്കറ്റില്‍ 250 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന റെക്കോഡും ബൂംറ സ്വന്തമാക്കി.