ഇംഗ്ലണ്ട് – ഇന്ത്യ പരമ്പരയുടെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനായിരുന്നു. മത്സരത്തില്‍ സെഞ്ചുറിയടിച്ച ജോ റൂട്ടായിരുന്നു ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഇപ്പോഴിതാ മത്സരത്തിന്‍റെ താരമായി തിരഞ്ഞെടുക്കേണ്ടിയിരുന്നത് ജസ്പ്രീത് ബൂംറയാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍.
മത്സരത്തില്‍ ഒന്‍പത് വിക്കറ്റാണ് ജസ്പ്രീത് ബൂംറ വീഴ്ത്തിയത്. ബോളിംഗില്‍ മാത്രമല്ലാ, വാലറ്റത്ത് തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇന്ത്യന്‍ ലീഡ് 95 ലേക്ക് ഉയര്‍ത്തിയത് ജസ്പ്രീത് ബൂംറയായിരുന്നു. 34 പന്തില്‍ 3 ഫോറും 1 സിക്സും സഹിതം 28 റണ്ണാണ് നേടിയത്.
ക്രിക്ക്ബുസിനോട് സംസാരിക്കവേ ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ച സഹീര്‍ ഖാന്‍, ബൂംറ തുടക്കം മുതലേ മത്സരം നിയന്ത്രിക്കുകയായിരുന്നു എന്ന് പറഞ്ഞു. ” പ്ലെയര്‍ ഓഫ് ദ മാച്ചിനെ തിരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ ഞാന്‍ ബൂംറയയാണ് തിരഞ്ഞെടുക്കുക. കാരണം വ്യക്തമാണ്. ആദ്യ ഓവര്‍ മുതല്‍ മത്സരത്തിന്‍റെ ടോണ്‍ ബൂംറ സെറ്റ് ചെയ്തു. ജോ റൂട്ട് മികച്ച താരമാണ്. അദ്ദേഹം നന്നായി കളിക്കുകയും ഇംഗ്ലണ്ടിനെ കളിയില്‍ നിലനിര്‍ത്തുകയും ചെയ്തു. പക്ഷേ എന്നിരുന്നാലും ഈ പ്രകടനം ജയിക്കാനോ സമനിലക്കോ സാധിക്കില്ലായിരുന്നു. ഇക്കാരണത്താല്‍ ബൂംറയാണ് മത്സരത്തിലെ താരം. ” സഹീര്‍ ഖാന്‍ പറഞ്ഞു.
” അദ്ദേഹം നന്നായി തുടങ്ങി. മത്സരത്തിലുടനീളം വിക്കറ്റുകള്‍ എടുത്തു. ഇന്ത്യന്‍ ലോവര്‍ ഓഡര്‍ നന്നായി ബാറ്റ് ചെയ്തപ്പോള്‍ ബൂംറ മികച്ച പ്രകടനമാണ് നടത്തിയത്. അതിനാല്‍ ജസ്പ്രീത് ബൂംറയായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച് ആവാന്‍ അര്‍ഹന്‍ ” സഹീര്‍ ഖാന്‍ പറഞ്ഞു നിര്‍ത്തി.