ഇംഗ്ലണ്ട് ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍. ഇന്ത്യ പേടിച്ചത് സംഭവിച്ചു

ഇന്ത്യക്കെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ രണ്ടാമത്തെ മത്സരം ആഗസ്റ്റ് 12 ന് ലോര്‍ഡ്സില്‍ ആരംഭിക്കും. മഴ കാരണം ആദ്യ ടെസറ്റിലെ അഞ്ചാം ദിനം മുടങ്ങിയതോടെ മത്സരം സമനിലയിലാവുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ മഴ ഇംഗ്ലണ്ടിനു രക്ഷകരായപ്പോള്‍ രണ്ടാം ടെസ്‌റ്റില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാവും എന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍ വുഡും ക്യാപ്റ്റന്‍ ജോ റൂട്ടും സൂചന നല്‍കി.

ഓപ്പണിംഗ് സ്ഥാനത്തേക്ക് ഹസീബ് ഹമീദിനെയും ഓള്‍റൗണ്ടര്‍ മൊയിന്‍ അലിയേയുമാണ് ടീമില്‍ ഇടം നേടാന്‍ സാധ്യത. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണിംഗ് പരാജയമായിരുന്നു. ബേണ്‍സ് – ഡൊമിനിക്ക് ഓപ്ണിംഗ് കൂട്ടുകെട്ടിനു ആദ്യ ഇന്നിംഗ്സില്‍ ഒരു റണ്‍ പോലും നേടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ സമ്മതിച്ചില്ലാ. രണ്ടാം ഇന്നിംഗ്സില്‍ 37 റണ്ണിലാണ് ഓപ്പണിംഗ് കൂട്ടുകെട്ട് അവസാനിച്ചത്.

haseeb hameed

ഇവര്‍ക്ക് പകരക്കാരനായി ഹസീബ് ഹമീദിനെയാണ് പരിഗണിക്കുന്നത്. പരിശീലന മത്സരത്തില്‍ മറ്റ് താരങ്ങള്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ വീണപ്പോള്‍ അന്ന് 112 റണ്ണാണ് ഈ താരം അടിച്ചെടുത്തത്. 2016 ല്‍ ഇന്ത്യക്കെതിരെയാണ് ഹസീബ് അരങ്ങേറ്റം കുറിച്ചത്. കൗണ്ടി ചാംപ്യന്‍ഷിപ്പിലെ മികച്ച ഫോമാണ് ഇംഗ്ലണ്ട് ദേശിയ ടീമിലേക്കുള്ള വഴി തുറന്നത്.