2023 ഏകദിന ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരം നടക്കാൻ കേവലം മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തിയ വീര്യത്തോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് എത്തുന്നത്. മറുവശത്ത് പാക്കിസ്ഥാനും വിജയ വഴിയിലൂടെയാണ് മത്സരത്തിലേക്ക് കടന്നുവന്നത്.
ഈ സമയത്ത് ഇന്ത്യൻ ബോളർ ജസ്പ്രീത് ബൂമ്രയെയും പാക്കിസ്ഥാൻ പേസർ ഷാഹീൻ അഫ്രിദിയേയും താരതമ്യം ചെയ്ത് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏത് കണക്കിൽ നോക്കിയാലും നിലവിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബോളർ ജസ്പ്രീത് ബുമ്രയാണ് എന്ന് ഗൗതം ഗംഭീർ പറയുന്നു. മാത്രമല്ല അഫ്രിദിയും ബൂമ്രയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
“ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ മിച്ചൽ മാർഷിനെ ബൂമ്ര പുറത്താക്കുകയുണ്ടായിരുന്നു. രണ്ടാം മത്സരത്തിൽ ഇബ്രാഹിം സദ്രാനെയും അത്തരത്തിൽ മികവാർന്ന രീതിയിൽ ബൂമ്ര പുറത്താക്കി. ഈ ബൗളിംഗ് മികവ് പറയുന്ന ഒരു കാര്യമുണ്ട്. നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും പൂർണ്ണമായ, അപകടകാരിയായ ഒരു ബോളറുണ്ടെങ്കിൽ അത് ബൂമ്രയാണ്. മുൻപ് നമ്മൾ ബൂമ്രയും ഷാഹിൻഷാ അഫ്രീദിയെയും താരതമ്യം ചെയ്തിരുന്നു. പക്ഷേ ഇരുവരും തമ്മിൽ വലിയ വ്യത്യാസം തന്നെയുണ്ട്.”- ഗംഭീർ സ്റ്റാർ സ്പോർട്സിന്റെ ഒരു ഷോയിൽ പറഞ്ഞു.
“മത്സരത്തിന്റെ എല്ലാ ഭാഗങ്ങളിലും കൃത്യമായി മികവ് പുലർത്താൻ പറ്റിയ മറ്റൊരു ഫാസ്റ്റ് ബോളറുണ്ടെന്ന് ഞാൻ കരുതുന്നില്ല. ചില ബോളർമാർ ന്യൂബോളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ചിലർ അവസാന ഓവറുകളിൽ തീയായി മാറും. എന്നാൽ ബൂമ്ര മത്സരത്തിലുടനീളം മികവു പുലർത്താൻ പ്രാപ്തിയുള്ള ബോളറാണ്. മധ്യ ഓവറുകളിലായാലും ബൂമ്രയ്ക്ക് കൃത്യമായി ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നുണ്ട്. പുതിയ ബോളായാലും പഴയ ബോളായാലും ബൂമ്രയെ നേരിടുക എന്നത് ബാറ്റർമാർക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്.”- ഗംഭീർ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ നാലു വിക്കറ്റുകൾ സ്വന്തമാക്കി തട്ടുപൊളിപ്പൻ പ്രകടനം തന്നെയായിരുന്നു ബൂമ്ര കാഴ്ച വച്ചത്. ഇതുവരെ ലോകകപ്പിൽ രണ്ടു മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകളാണ് ഈ പേസർ സ്വന്തമാക്കിയിരിക്കുന്നത്. അതിനാൽ തന്നെ പാക്കിസ്ഥാനെതിരായ മത്സരത്തിലും ബൂമ്ര തന്റെ ഫോം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. നിലവിൽ ഇന്ത്യൻ ടീമിന്റെ ഘടന വളരെ സന്തുലിതമാണ്. അതിനാൽ തന്നെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.