ക്രിക്കറ്റ് പ്രേമികൾ ഏവരും വളരെ ആവേശത്തോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ഒടുവിൽ വിശ്വ വിജയികളായി കിവീസ് ടീം. സതാംപ്ടണിൽ നടന്ന ഫൈനലിൽ എട്ട് വിക്കറ്റിന്റെ മാസ്മരിക വിജയത്തോടെ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം കിരീട വരൾച്ച അവസാനിപ്പിച്ചപ്പോൾ ഇന്ത്യൻ ടീമിന് വീണ്ടും ഫൈനലിൽ തോൽവി നേരിടേണ്ട വിധി. ഫൈനലിൽ മഴ വില്ലനായി എത്തി എങ്കിലും അവസാന രണ്ട് ദിവസങ്ങളിൽ ന്യൂസിലാൻഡ് ബൗളർമാർ കാഴ്ചവെച്ച അസാധ്യ പ്രകടനം അവർക്ക് പ്രഥമ ടെസ്റ്റ് ലോകകപ്പ് കരസ്ഥമാക്കുവാൻ വളരെ സഹായിച്ചപ്പോൾ പേരുകേട്ട ബാറ്റിംഗ് നിര പൂർണ്ണമായി നിറം മങ്ങിയതിന്റെ നിരാശയിലാണ് ഇന്ത്യൻ ആരാധകർ.
എന്നാൽ അനവധി റെക്കോർഡുകൾ കണ്ട മത്സരത്തിൽ ഇന്ത്യൻ നായകൻ കോഹ്ലിയും ന്യൂസിലാൻഡ് ടീമിലെ ഫാസ്റ്റ് ബൗളർ ജാമിസൺ അടക്കം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കി. മത്സരത്തിൽ അധികം ആരും തിരിച്ചറിയാതെ പോയ ഒരു നാണക്കേടിന്റെ നേട്ടവും ഇന്ത്യൻ ടീമിന്റെ പേരിലായി. സതാംപ്ടണിൽ നടന്ന ഫൈനലിലെ രണ്ട് ഇന്നിങ്സിലും റൺസ് നെടുവാൻ കഴിയാതെ പുറത്തായ ഇന്ത്യൻ പേസ് ബൗളർ ജസ്‌പ്രീത് ബുംറ ഇന്ത്യൻ താരങ്ങളുടെ ആയിരാമത്തെ ഡക്ക് എന്ന നേട്ടമാണ് സമ്മാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ആയിരാമത്തെ തവണയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻ റൺസ് എടുക്കാൻ കഴിയാതെ പുറത്താവുന്നത്.
ആദ്യ ഇന്നിങ്സിൽ ജാമിസന്റെ ആദ്യ പന്തിൽ വിക്കറ്റിന് മുൻപിൽ കുരുങ്ങി പുറത്തായ ബുംറ രണ്ടാം ഇന്നിങ്സിൽ നേരിട്ട നാലാം പന്തിൽ സൗത്തീക്ക് വിക്കറ്റ് നൽകി പുറത്തായി രണ്ട് ഇന്നിങ്സിലും ഡക്കിൽ പുറത്തായ അപൂർവ്വ താരം എന്നൊരു നാണക്കേടും ബുംറയുടെ പേരിലായി. ബൗളിങ്ങിൽ ഇന്ത്യൻ ടീമിന്റെ പ്രധാന ആശ്രയമായ ബുംറ പക്ഷേ ഫൈനലിൽ പ്രതീക്ഷിച്ച പോലെ പ്രകടനം കാഴ്ചവെച്ചില്ല. രണ്ട് ഇന്നിങ്സിലും താരം വിക്കറ്റ് വീഴ്ത്തിയില്ല. കരിയറിൽ തന്നെ ആദ്യമായിട്ടാണ് ഒരു വിദേശ ടെസ്റ്റിൽ ബുംറ വിക്കറ്റ് വീഴ്ത്താൻ കഴിയാതെ മത്സരം അവസാനിപ്പിച്ചത്.