ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിന് മുൻപ് നാടകീയ സംഭവങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജാർവോ 69 വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ പിച്ചിലെത്തിയതാണ് രസകരമായി മാറിയത്. മുമ്പ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പലതവണ മൈതാനത്തിറങ്ങി ശ്രദ്ധ നേടിയ യൂട്യൂബറാണ് ജാർവോ.
ഇപ്പോൾ ലോകകപ്പിനിടെ ഇന്ത്യൻ ജേഴ്സി അണിഞ്ഞാണ് ജാർവോ മൈതാനത്ത് എത്തിയത്. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി ജാർവോയോട് സംസാരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒപ്പം സെക്യൂരിറ്റി ബലം പ്രയോഗിച്ച് ജാർവോയെ മൈതാനത്തിൽ നിന്ന് നീക്കം ചെയ്യുന്ന ഫോട്ടോയും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
മുൻപ് 2021ൽ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു ജാർവോ ആദ്യമായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് മത്സരത്തിനിടെ ജാർവോ മൈതാനത്ത് എത്തുകയുണ്ടായി. രോഹിത് ശർമ മത്സരത്തിൽ പുറത്തായ ശേഷം ഒരു ഇന്ത്യൻ ബാറ്ററുടെ വേഷപ്പകർച്ചയോടെയാണ് ജാർവോ മൈതാനത്തേക്ക് നടന്നടുത്തത്.
മൈതാനത്തെത്തിയ ശേഷമാണ് അത് ഇന്ത്യൻ നിരയിലുള്ള താരമല്ല എന്ന് പോലും മറ്റുള്ളവർക്ക് മനസ്സിലാക്കിയത്. ശേഷം സെക്യൂരിറ്റി ജാർവോയെ പിടിച്ചു മാറ്റുകയാണ് ഉണ്ടായത്. അതിനുശേഷം പരമ്പരയിലെ അടുത്ത ടെസ്റ്റിലും ജാർവോ ഇത് ആവർത്തിക്കുകയുണ്ടായി.
ഇപ്പോൾ ചെന്നൈ മൈതാനത്ത് ജാർവോ തന്റെ രസകരമായ കാര്യങ്ങൾ ആവർത്തിക്കുകയാണ്. എന്തായാലും ജാർവോ മൈതാനത്ത് എത്തിയത് ആരാധകർക്ക് പോലും ഒരുപാട് രസകരമായ നിമിഷങ്ങൾ സമ്മാനിക്കുകയുണ്ടായി. ജാർവോയെ ഇന്ത്യൻ മണ്ണിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് ക്രിക്കറ്റ് ആരാധകർ സ്വീകരിച്ചത്.
സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള ശ്രദ്ധയാണ് ജാർവോയുടെ റീ എൻട്രിക്ക് ലഭിച്ചിരിക്കുന്നത്. വരും മത്സരങ്ങളിലും ജാർവോ ഇത്തരത്തിൽ രസകരമായ എന്തെങ്കിലും കാര്യങ്ങൾ മൈതാനത് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ പോലും.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ മികച്ച ബോളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഓസ്ട്രേലിയയുടെ ഓപ്പണർ മിച്ചൽ മാർഷിനെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഇന്ത്യയ്ക്ക് സാധിച്ചു.
ബൂമ്രയുടെ പന്തിൽ കോഹ്ലിയുടെ തകർപ്പൻ ക്യാച്ചിൽ ആയിരുന്നു മിച്ചൽ മാർഷ് കൂടാരം കയറിയത്. ശേഷം സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ചേർന്ന് ഓസ്ട്രേലിയയ്ക്കായി രക്ഷാപ്രവർത്തനം നടത്തുകയാണ്.