മെൽബണിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിലെ ഇന്ത്യൻ താരം ജയസ്വാളിന്റെ പുറത്താകൽ ഇതിനോടകം തന്നെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐയുടെ വൈസ് പ്രസിഡന്റായ രാജീവ് ശുക്ല. മത്സരത്തിൽ ജയസ്വാളിനെ പുറത്താക്കാനുള്ള മൂന്നാം അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ശുക്ല രംഗത്തെത്തിയത്. മത്സരത്തിന്റെ അവസാനം അമ്പയർ കൈക്കൊണ്ട തീരുമാനം തെറ്റായിരുന്നുവെന്നും ജയസ്വാൾ അവിടെ നോട്ടൗട്ട് ആയിരുന്നു എന്നും ശുക്ല പറയുകയുണ്ടായി.
“അവിടെ യശസ്വി ജയസ്വാൾ തീർത്തും നോട്ടൗട്ട് തന്നെയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ സാങ്കേതികവിദ്യ എന്താണോ നിർദ്ദേശിക്കുന്നത് അതിനനുസരിച്ചാണ് മൂന്നാം അമ്പയർ ചിന്തിക്കേണ്ടത്. പക്ഷേ ഇവിടെ അങ്ങനെയല്ല ഉണ്ടായിരിക്കുന്നത്. ഫീൽഡിലുള്ള അമ്പയറുടെ തീരുമാനത്തെ ഖണ്ഡിക്കണമെങ്കിൽ മൂന്നാം അമ്പയർക്ക് കൃത്യമായ തെളിവുകൾ റിപ്ലൈയിൽ നിന്ന് ലഭിക്കണം. അതാണ് നിയമം.”- രാജീവ് ശുക്ല പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്കർക്കുമുള്ളത്. സ്നിക്കോയേക്കാൾ പ്രാധാന്യം അമ്പയർ മറ്റു തെളിവുകൾക്ക് കൊടുക്കാൻ പാടില്ലായിരുന്നു എന്നാണ് ഗവാസ്കറുടെ അഭിപ്രായം.
“അത്തരത്തിലുള്ള പ്രതിഫലനങ്ങൾ സാധാരണമാണ്. പക്ഷേ ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ എന്തിനാണ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്? അവിടെ സാങ്കേതികവിദ്യയുടെ സഹായമുണ്ടെങ്കിൽ അതാണ് അവസാനഘട്ട ഫലത്തിൽ കണക്കിലെടുക്കേണ്ടത്. നമ്മൾ എന്താണോ കണ്ടത് അതിനനുസരിച്ച് അവസാനഘട്ട തീരുമാനമെടുക്കാൻ മൂന്നാം അമ്പയർ ശ്രമിക്കരുത്. ഇവിടെ അമ്പയർ പൂർണമായും സാങ്കേതികവിദ്യയെ ഇല്ലാതാക്കുകയാണ് ചെയ്തിരിക്കുന്നത്.”- സുനിൽ ഗവാസ്കർ പറയുകയുണ്ടായി.
എന്നാൽ മുൻ അമ്പയറായ സൈമൺ ടോഫൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ് അറിയിച്ചിരിക്കുന്നത്. തന്റെ നിരീക്ഷണത്തിൽ അത് ഔട്ട് ആണ് എന്ന് ടോഫൽ പറയുകയുണ്ടായി. അമ്പയർ കൃത്യമായി തന്റെ നഗ്നനേത്രങ്ങൾ കൊണ്ട് അങ്ങനെ ഒരു പ്രതിഫലനം കണ്ടെത്തിയാൽ പിന്നീട് മറ്റ് സാങ്കേതികവിദ്യകളുടെ സഹായം തേടേണ്ട ആവശ്യമില്ല എന്നാണ് ടോഫലിന്റെ അഭിപ്രായം. എന്തായാലും ഇതിനോടകം തന്നെ ഈ സംഭവം വലിയ ചർച്ചയായിട്ടുണ്ട്. ഇന്ത്യൻ ആരാധകർ അടക്കമുള്ളവർ ഓസ്ട്രേലിയൻ ടീമിന്റെ ചതിയാണ് മൈതാനത്ത് കണ്ടത് എന്ന് ഈ സംഭവത്തെ പറ്റി പറയുകയുണ്ടായി.