സഞ്ചു സ്വാർത്ഥനല്ല, സ്വന്തം കാര്യത്തെക്കാൾ ടീമിന് പ്രാധാന്യം നൽകുന്നു.. പ്രശംസയുമായി യുവതാരം.

സമീപസമയത്ത് ഇന്ത്യൻ ക്രിക്കറ്റിൽ വളരെയധികം ചർച്ചയായ ഒന്നാണ് സഞ്ജു സാംസന്റെ ബാറ്റിംഗ് മനോഭാവം. പലപ്പോഴും മൈതാനത്ത് ആക്രമണപരമായ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുകയാണ് സഞ്ജു ചെയ്യാറുള്ളത്. സ്വന്തം നേട്ടങ്ങൾക്കുപരിയായി തന്റെ ടീമിനെ വിജയത്തിലെത്തിക്കാനായി കയ്യും മെയ്യും മറന്നു പൊരുതുക എന്നതാണ് സഞ്ജു ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം ചെയ്തു വരുന്നത്. ഇക്കാര്യത്തിൽ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് രാജസ്ഥാന്റെ ഓപ്പണർ യശസ്വി ജയസ്‌വാൾ. സഞ്ജുവിനുള്ളത് ഒരു അവിസ്മരണീയമായ മനോഭാവമാണ് എന്ന് ജയസ്‌വാൾ പറയുന്നു.

എല്ലായിപ്പോഴും സഞ്ജു സാംസൺ തന്റെ വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം ടീമിന്റെ വിജയമാണ് മുന്നിൽ കാണുന്നത് എന്നാണ് ജയസ്‌വാൾ പറയുന്നത്. “സഞ്ജു സാംസന്റെ മാനസികാവസ്ഥ അവിസ്മരണീയം തന്നെയാണ്. അവൻ നമുക്കായി കളിക്കുമ്പോൾ ടീമിനെ വിജയിപ്പിക്കാൻ പരമാവധി ശ്രമിക്കും. അതിനായി അതിവേഗത്തിൽ റൺസ് കണ്ടെത്താനും സഞ്ജു സാംസൺ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു സാംസനൊപ്പം ബാറ്റ് ചെയ്യാൻ ഞാൻ നന്നായി ഇഷ്ടപ്പെടുന്നു.”- ജയസ്‌വാൾ പറഞ്ഞു.

നിലവിൽ ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ഏകദിന – ട്വന്റി20 പരമ്പരയ്ക്കുള്ള സ്ക്വാഡിലെ അംഗമാണ് സഞ്ജു സാംസൺ. വെസ്റ്റിൻഡീസിനെതിരായ പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാൻ സാധിക്കും. മാത്രമല്ല വരാനിരിക്കുന്ന ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യക്കായി കളിക്കാനുള്ള അവസരവും ഇതിലൂടെ വന്നു ചേർന്നേക്കും. അതിനാൽ തന്നെ എന്തു വില കൊടുത്തും വെസ്റ്റിൻഡീസിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാനാണ് സഞ്ജുവിന്റെ ശ്രമം.

മറുവശത്ത് ജയസ്‌വാൾ ഇന്ത്യൻ ടീമിൽ അരങ്ങേറാനുള്ള മുന്നൊരുക്കത്തിലാണ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ട്വന്റി20 പരമ്പരയിലുമാണ് ജയിസ്വാളിനെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ രോഹിതിനൊപ്പം ഓപ്പണറായി ജയസ്‌വാൾ ഇറങ്ങുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ സമയങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിലുംഇന്ത്യൻ പ്രീമിയർ ലീഗിലുമടക്കം വമ്പൻ പ്രകടനം തന്നെയാണ് ജയസ്‌വാൾ കാഴ്ചവച്ചിട്ടുള്ളത്.

Previous articleരോഹിത് ഇന്ത്യൻ ടീമിന് ബാധ്യത.. 2024 ലോകകപ്പിൽ ഇന്ത്യ ഒഴിവാക്കും. ശ്രീകാന്തിന്റെ വാക്കുകൾ ഇങ്ങനെ.
Next articleരോഹിതിന് കീഴിൽ ഇന്ത്യയ്ക്ക് ഐക്യമില്ല, ആത്മബന്ധമില്ല. കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ.