രോഹിതിനെ അടിച്ചുതൂക്കി റെക്കോർഡുമായി ജയസ്വാൾ. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം പിടിച്ചു.

ടെസ്റ്റ് പരമ്പരയ്ക്കുശേഷം ട്വന്റി20 പരമ്പരയിലും തകർത്താടുകയാണ് ഇന്ത്യയുടെ യുവതാരം ജയിസ്വാൾ. ട്വന്റി20 ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഫ്ലോപ്പായെങ്കിലും രണ്ടാം മത്സരത്തിൽ അതിനുള്ള ക്ഷീണം ജയ്സ്വാൾ തീർത്തിട്ടുണ്ട്. ഒരു കിടിലൻ അർദ്ധസെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചാണ് ജെയിസ്വാൾ നാലാം ട്വന്റി20യിൽ ഹീറോയായി മാറിയത്.

മത്സരത്തിൽ 9 വിക്കറ്റുകൾക്ക് ഇന്ത്യ വിജയം കണ്ടപ്പോൾ 55 പന്തുകളിൽ 84 റൺസായിരുന്നു ജയ്സ്വാൾ വാരിക്കൂട്ടിയത്. ഇന്നിംഗ്സിൽ 11 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. ഈ അത്യുഗ്രൻ ഇന്നിങ്സിലൂടെ ഒരുപാട് റെക്കോർഡുകളാണ് ജെയിസ്വാൾ മറികടന്നത്.

ട്വന്റി20 ക്രിക്കറ്റിൽ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഓപ്പണർ എന്ന റെക്കോർഡാണ് ജയിസ്വാൾ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വളരെ കാലങ്ങളായുള്ള റെക്കോർഡ് ആണ് ഈ താരം പഴങ്കഥയാക്കി മാറ്റിയത്. മുൻപ് കുട്ടി ക്രിക്കറ്റിൽ ഫിഫ്റ്റി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഓപ്പണർ രോഹിതായിരുന്നു. 2009ൽ 22 വയസ്സ് പ്രായമുള്ളപ്പോൾ ഇംഗ്ലണ്ട് ടീമിനെതിരെയാണ് രോഹിത് ശർമ തന്റെ ആദ്യ ട്വന്റി20 അർധസെഞ്ചുറി സ്വന്തമാക്കിയത്. ഇപ്പോൾ 14 വർഷങ്ങൾക്ക് ശേഷം ജയസ്വാൾ ഈ റെക്കോർഡ് മറികടന്നിരിക്കുകയാണ്.

ഇപ്പോൾ ജയസ്വാളിന്റെ പ്രായം 21 വയസ്സും 227 ദിവസവും മാത്രമാണ്. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അർധസെഞ്ച്വറി സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷാ ആണ്. 18 വയസും 329 ദിവസവും പ്രായമുള്ളപ്പോഴാണ് ഷാ ഇന്ത്യക്കായി ടെസ്റ്റിൽ തന്നെ അർധസെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ അർധസെഞ്ച്വറി പൂർത്തീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഓപ്പണിങ് ബാറ്റർ കോഹ്ലിയാണ്.

19 വയസ്സും 296 ദിവസവും പ്രായമുള്ളപ്പോഴാണ് കോഹ്ലി ഇന്ത്യക്കായി അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതേപോലെയാണ് കുട്ടിക്രിക്കറ്റിൽ ജെയിസ്വാളും ഇപ്പോൾ തകർപ്പൻ റെക്കോർഡ് പേരിൽ ചേർത്തിരിക്കുന്നത്.

ഈ വെടിക്കെട്ട് ഇന്നിങ്സോടെ നാലാം ട്വന്റി20യിൽ പ്ലെയർ ഓഫ് ദി മാച്ചായും ജയ്സ്വാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടുകൂടി മറ്റൊരു എലൈറ്റ് ക്ലബ്ബിൽ ഇടം പിടിക്കാനും ജയസ്വാളിന് സാധിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം വയസ്സിൽ ക്രിക്കറ്റിന്റെ വിവിധ ഫോർമാറ്റുകളിൽ പ്ലെയർ ഓഫ് ദി മാച്ച് ആയി മാറുന്ന ഇന്ത്യയുടെ എട്ടാമത്തെ താരമാണ് ജയസ്വാൾ.

മുൻപ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ജയിസ്വാൾ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം കയ്യടക്കിയിരുന്നു. എന്തായാലും കരിയറിന് ഒരു അത്യുഗ്രൻ തുടക്കം തന്നെയാണ് ജെയിസ്വാളിന് ലഭിച്ചിരിക്കുന്നത്.