ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ 66 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യൻ ബാറ്റിംഗിന്റെ പല പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയ മത്സരമായിരുന്നു രാജികോട്ടിൽ നടന്നത്. മുൻനിര ബാറ്റർമാർ വലിയ സംഭാവന നൽകിയില്ലെങ്കിൽ ഇന്ത്യ എങ്ങനെ വിജയം സ്വന്തമാക്കും എന്ന ചോദ്യമാണ് മത്സരത്തിൽ മുൻപിലേക്ക് വന്നത്. എന്നാൽ പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ത്യയ്ക്ക് രക്ഷകനായി ആരും തന്നെ ഉണ്ടാവില്ല എന്ന ഉത്തരമാണ് മത്സരത്തിൽ നിന്ന് ലഭിച്ചത്. 2011 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഒരുപാട് പോരായ്മകൾ 2023ലെ ടീമിലുണ്ട് എന്നും മത്സരം വിളിച്ചോതുന്നു. മത്സരത്തിലെ പരാജയത്തിൽ വളരെയധികം വിമർശനം അർഹിക്കുന്നത് രവീന്ദ്ര ജഡേജയാണ്.
2011 ലോകകപ്പിൽ യുവരാജ് സിംഗ് എങ്ങനെയാണോ ഇന്ത്യൻ ടീമിന്റെ കരുത്തായി മാറിയത് അതേപോലെയാണ് ഇന്ത്യ 2023 ലോകകപ്പിൽ ജഡേജയെ കാണുന്നത്. എന്നാൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ജഡേജ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ കാഴ്ചവച്ചത്. ഇന്ത്യ ഒരു വിജയം പ്രതീക്ഷിച്ചിറങ്ങിയ മത്സരത്തിൽ യാതൊരുവിധ ആക്രമണ മനോഭാവവും ഇല്ലാതെയാണ് ജഡേജ ബാറ്റ് വീശിയത്. താൻ സ്വയം ഒരു ബോളിംഗ് ഓൾറൗണ്ടറായി മാറുകയാണ് എന്ന ജഡേജയുടെ തോന്നലാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ ശ്രേയസ് അയ്യർ ഔട്ടായ സമയത്തായിരുന്നു ജഡേജ ക്രീസിലെത്തിയത്. ആ സമയത്ത് ഇന്ത്യയ്ക്ക് ആവശ്യമായിരുന്നത് 104 റൺസ്. ഓരോവറിൽ 10 റൺസ് വീതമാണ് ഇന്ത്യയ്ക്ക് നേടേണ്ടിയിരുന്നത്.
ബാക്കിയുണ്ടായിരുന്ന നാലു വിക്കറ്റ് വാലറ്റക്കാരായിരുന്നു. എന്നാൽ അവിടെനിന്ന് മത്സരം വിജയിക്കാൻ ഒരു ശ്രമം പോലും ജഡേജ നടത്തിയില്ല എന്നുള്ളതാണ് വസ്തുത. പരമ്പര വിജയിക്കുമെന്നതിനാൽ തന്നെ മത്സരത്തിലെ വിജയത്തിന് വലിയ പ്രാധാന്യം കൊടുക്കാതെയുള്ള ഇന്നിംഗ്സ് ആണ് ജഡേജ കാഴ്ചവച്ചത്. യാതൊരു തരത്തിലും റിസ്ക് എടുത്ത് മുൻപോട്ടു പോകാൻ ജഡേജ തയ്യാറായില്ല. ഓസ്ട്രേലിയൻ ബോളർമാരുടെ കയ്യിൽ നിന്ന് വരുന്ന ലൂസ് ബോൾ പ്രതീക്ഷിച്ച് ജഡേജ ക്രീസിൽ തുടർന്നു. അല്ലാത്ത പന്തുകളിലൊക്കെ സിംഗിൾ നേടി സ്ട്രൈക്ക് മാറാനാണ് ജഡേജ ശ്രമിച്ചത്. എതിർവശത്ത് വാലറ്റ ബാറ്റർമാരായിട്ടും യാതൊരു തരത്തിലും ആക്രമണത്തിന് മുതിരാൻ ജഡേജ തയ്യാറായില്ല.
എങ്ങനെയെങ്കിലും പുറത്താവാതെ കുറച്ച് റൺസ് സ്വന്തമാക്കുക എന്ന ഉദ്ദേശത്തിൽ മാത്രമാണ് ജഡേജ കളിച്ചത്. ഇന്ത്യ പ്രധാനമായും മാച്ച് വിന്നറായി ജഡേജയെ ഉയർത്തിക്കാട്ടിയാണ് ലോകകപ്പിന് ഇറങ്ങുന്നത്. എന്നാൽ ഇത്തരം സമീപനം ഇന്ത്യൻ ടീമിനെ ഒന്നാകെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ലോകകപ്പിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഇനിയും ഉരുത്തിരുന്നു വന്നാൽ ജഡേജയുടെ ഈ സമീപനം വലിയ ചോദ്യങ്ങൾ ഉയർത്തും. വളരെ പരിതാപകരമായ രീതിയിലാണ് ജഡേജ മത്സരത്തിൽ ബാറ്റ് വീശിയത്. മത്സരത്തിൽ 36 പന്തുകൾ നേരിട്ട് 35 റൺസാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ പരാജയത്തിൽ ഇത് വലിയൊരു പങ്കുവഹിച്ചു.