ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ വമ്പൻ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്പിന്നർ രവീന്ദ്ര ജഡേജ. ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും വേഗതയിൽ 2500 റൺസും 250 വിക്കറ്റുകളും നേടുന്ന കളിക്കാരനായി ജഡേജ മാറി. നിലവിൽ ഐസിസി റാങ്കിങ്ങിൽ ഒന്നാം നമ്പർ ഓൾറൌണ്ടറായ ജഡേജ മത്സരത്തിൽ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് സ്വന്തമാക്കിയാണ് ഈ ചരിത്രം സൃഷ്ടിച്ചത്.
നാഗ്പൂര് ടെസ്റ്റിലെതിന് സമാനമായ രീതിയിൽ വളരെ കൃത്യമായ ലെങ്തിൽ തന്നെയായിരുന്നു ഡൽഹിയിലും ജഡേജ ബോൾ ചെയ്തിരുന്നത്. മത്സരത്തിൽ ഇന്ത്യയെ കടന്നാക്രമിച്ച ഉസ്മാൻ ഖവാജയുടെ വിക്കറ്റ് ആയിരുന്നു ജഡേജ ആദ്യം സ്വന്തമാക്കിയത്. ശേഷം രണ്ടു വിക്കറ്റുകൾ കൂടി ജഡേജ സ്വന്തമാക്കുകയുണ്ടായി. ഇന്ത്യയുടെ മുൻനായകൻ കപിൽദേവിന്റെ റെക്കോർഡ് ആണ് ജഡേജ ഖവാജയുടെ വിക്കറ്റോടെ മറികടന്നത്. മാത്രമല്ല ഏറ്റവും വേഗതയിൽ 2500 റൺസും 250 വിക്കറ്റുകളും സ്വന്തമാക്കിയവരുടെ പട്ടികയിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ ക്രിക്കറ്ററാണ് ഇപ്പോൾ ജഡേജ.
ഇയാൻ ബോതം മാത്രമാണ് ഈ ലിസ്റ്റിൽ ജഡേജയ്ക്ക് മുൻപിലുള്ളത്. 55 ടെസ്റ്റുകളിൽ നിന്നായിരുന്നു ബോതം 250 വിക്കറ്റുകളും 2500 റൺസും സ്വന്തമാക്കിയത്. നിലവിൽ ജഡേജയ്ക്ക് 62 ടെസ്റ്റുകൾ വേണ്ടിവന്നു ഈ നേട്ടം കൈവരിക്കാൻ. പാകിസ്താന്റെ ഇമ്രാൻ ഖാൻ ആണ് ജഡേജയ്ക്ക് പിന്നിലുള്ളത്. 64 ടെസ്റ്റുകളിൽ നിന്നായിരുന്നു ഇമ്രാൻ ഈ നേട്ടം കൈവരിച്ചത്. 65 ടെസ്റ്റുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച കപ്പിൽ ദേവാണ് ലിസ്റ്റിൽ നാലാമൻ.
ഡൽഹി ടെസ്റ്റിലെ ഓസീസിന്റെ ആദ്യ ഇന്നിങ്സിലും മികച്ച പ്രകടനം തന്നെയാണ് ജഡേജ കാഴ്ചവയ്ക്കുന്നത്. 21 ഓവറുകൾ എറിഞ്ഞ ജഡേജ 68 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റുകൾ ആണ് നേടിയത്. ഖവാജയ്ക്ക് പുറമേ കമ്മിൻസ്, മർഫി എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ മത്സരത്തിൽ സ്വന്തമാക്കിയത്.