12 വർഷങ്ങൾക്ക് ശേഷമാണ് 50 ഓവർ ലോകകപ്പ് ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തുന്നത്. മത്സരത്തിന്റെ സമയക്രമം തീരുമാനിച്ചത് മുതൽ വളരെ ആവേശത്തിൽ തന്നെയാണ് ആരാധകർ. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടക്കുന്നത്. ശേഷം ഒക്ടോബർ 15ന് അഹമ്മദാബാദിൽ വച്ച് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ, ഏവരും കാത്തിരിക്കുന്ന മത്സരവും നടക്കും. മത്സരത്തിന്റെ ആവേശം കൂടിയതോടെ പ്രവചനങ്ങളുമായി പല മുൻ താരങ്ങളും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്ററായ ശ്രീകാന്ത്.
എന്തുകൊണ്ടും ഇന്ത്യ ടൂർണമെന്റിന്റെ ഫേവറേറ്റുകളാണ് എന്നാണ് ശ്രീകാന്ത് പറഞ്ഞത്. എന്നിരുന്നാലും ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് വലിയ ശക്തി തന്നെ ആവശ്യമായി വരുമെന്നും ശ്രീകാന്ത് പറയുന്നു. ഇതോടൊപ്പം ഇന്ത്യൻ മണ്ണിൽ പാക്കിസ്ഥാൻ ശക്തമായ ഒരു വെല്ലുവിളി മറ്റു ടീമുകൾക്ക് ഉയർത്തുമെന്നാണ് ശ്രീകാന്തിന്റെ കാഴ്ചപ്പാട്. എല്ലാകാലത്തും ഇന്ത്യൻ മണ്ണിൽ ശക്തമായ പ്രകടനങ്ങൾ തന്നെ പാക്കിസ്ഥാൻ കാഴ്ചവെച്ചിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ പാക്കിസ്ഥാനെ വിലകുറച്ച് ഇന്ത്യ കാണരുത് എന്നും ശ്രീകാന്ത് പറഞ്ഞു. എന്നിരുന്നാലും 2011 ലോകകപ്പിൽ കണ്ടതുപോലെ ആവേശം നിറഞ്ഞ മത്സരങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാവും 2023 ലോകകപ്പിലും നടക്കാൻ പോകുന്നത് എന്നാണ് ശ്രീകാന്തിന്റെ പക്ഷം.
“ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഇവിടത്തെ ചില പിച്ചുകളിൽ വലിയ ടേൺ ലഭിക്കും. അങ്ങനെയുള്ള പിച്ചുകളിൽ വലിയ ബൗൺസ് ലഭിക്കുകയുമില്ല. ഓസ്ട്രേലിയയിലേതു പോലെ കൃത്യമായ മൂവ്മെന്റുകളും ലഭിക്കില്ല. ഈ ടൂർണമെന്റിൽ ഇന്ത്യയ്ക്കുള്ള ഏറ്റവും വലിയ മെച്ചം സാഹചര്യങ്ങൾ പരിചിതമാണ് എന്നുള്ളതാണ്. 2011ലെ ലോകകപ്പിൽ ഇന്ത്യയ്ക്ക് നെടുംതൂണായി മാറിയത് കുറച്ച് ഓൾറൗണ്ടർമാരായിരുന്നു. മാത്രമല്ല ടീമിനെ മഹേന്ദ്ര സിംഗ് ധോണിക്ക് വളരെ നന്നായി നയിക്കാനും സാധിച്ചു. ആ സമയത്ത് ഇന്ത്യയ്ക്ക് ഒരു യുവരാജ് സിംഗ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ 2011 ലോകകപ്പിൽ യുവരാജ് ചെയ്തത്, 2023 ലോകകപ്പിൽ ജഡേജ ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്.”- ശ്രീകാന്ത് പറഞ്ഞു.
ഇതോടൊപ്പം ജഡേജയും അക്ഷർ പട്ടേലും ലോകകപ്പിൽ പ്രധാന കളിക്കാരായി മാറുമെന്നും ശ്രീകാന്ത് പറയുകയുണ്ടായി. “ജഡേജയും അക്ഷർ പട്ടേലുമാണ് പ്രധാന കളിക്കാരാവാൻ പോകുന്നത്. ഇന്ത്യ ടൂർണമെന്റിൽ കപ്പ് നേടണമെങ്കിൽ ഈ രണ്ടു കളിക്കാരും നിർണായക പങ്കുവഹിക്കേണ്ടതുണ്ട്.”- ശ്രീകാന്ത് കൂട്ടിച്ചേർത്തു. 2011ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ ശ്രീകാന്ത് മുഖ്യ സെലക്ടറായിരുന്നു. അന്ന് ഫൈനലിൽ ശ്രീലങ്കയുടെ ശക്തമായ നിരയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.