ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ ഷോട്ടുകളാണ് കവർ ഷോട്ടുകളും പുൾ ഷോട്ടുകളും. ബാറ്റർമാർ റൺസ് കണ്ടെത്താൻ ഏറ്റവുമധികം സമീപിക്കുന്നതും ഇത്തരം ഷോട്ടുകളെയാണ്. ലോകക്രിക്കറ്റിൽ പുൾ ഷോട്ടുകളും കവർഷോട്ടുകളും ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന ബാറ്റർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
ഇത്തരം ഷോട്ടുകൾ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയേയും വിരാട് കോഹ്ലിയെയും അശ്വിൻ തന്റെ സെലക്ഷനിൽ പരിഗണിച്ചില്ല എന്നതാണ് വിചിത്രമായ കാര്യം. ഓസ്ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിങ്ങും, ഇംഗ്ലണ്ടിന്റെ മുൻ താരം മാർക്കസ് ട്രസ്കൊത്തിക്കുമാണ് ഏറ്റവും മികച്ച രീതിയിൽ പുൾ ഷോട്ടുകളും കവർ ഷോട്ടുകളും കളിക്കുന്ന താരങ്ങൾ എന്ന് അശ്വിൻ പറയുന്നു.
ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിലാണ് അശ്വിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വിരാട് കോഹ്ലിയും രോഹിത് ശർമയും തങ്ങളുടെ വ്യത്യസ്തമായ കവർ ഡ്രൈവുകൾ കൊണ്ടും പുൾ ഷോട്ടുകൾ കൊണ്ടും പേരുകേട്ട താരങ്ങളാണ്. എന്നാൽ അശ്വിൻ ഇവരെ മാറ്റി നിർത്തിയത് പലരിലും അത്ഭുതം ഉണ്ടാക്കി.
മറുവശത്ത് ട്രസ്കൊത്തിക്ക് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ഇംഗ്ലണ്ടിനായി 76 ടെസ്റ്റ് മത്സരങ്ങളും 123 ഏകദിന മത്സരങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണ് താരം കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 10236 റൺസ് സ്വന്തമാക്കാൻ ട്രസ്കൊത്തിക്കിന് സാധിച്ചിരുന്നു. ചില വ്യക്തിപരമായ കാരണങ്ങൾ മൂലമായിരുന്നു 2008ൽ ട്രസ്കൊത്തിക് തന്റെ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
മറുവശത്ത് ഓസ്ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിങ് ഇത്തരത്തിൽ വമ്പൻ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ്. അക്കാലത്തെ ഏറ്റവും അപകടകാരികളായ ബോളർമാർക്കെതിരെ പുൾ ഷോട്ടുകളും കവർ ഷോട്ടുകളും കളിക്കാൻ പോണ്ടിങ്ങിന് സാധിച്ചിരുന്നു. തന്റെ അന്താരാഷ്ട്ര കരിയറിൽ 27,483 റൺസാണ് ഈ ഇതിഹാസം കൂട്ടിച്ചേർത്തത്. നിലവിൽ ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവർ ക്രിക്കറ്റിലെ സപ്പോർട്ടിംഗ് സ്റ്റാഫ് ആണ് മർക്കസ് ട്രസ്കൊത്തിക്. അതേസമയം ഫ്രാഞ്ചൈസി ലിഗുകളിൽ കോച്ചായി പോണ്ടിങ്ങും പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല കമന്റ്റ്റർ എന്ന നിലയിലും പോണ്ടിംഗ് ക്രിക്കറ്റിൽ സജീവമാണ്.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് അശ്വിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ സീനിയർ താരങ്ങളുടെ തിരിച്ചുവരവിനാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര സാക്ഷ്യം വഹിക്കുന്നത്.
സെപ്റ്റംബർ 19ന് ചെന്നൈയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. പാക്കിസ്ഥാനെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് ഇത്തവണ എത്തുന്നത്. അതിനാൽ തന്നെ മത്സരം അങ്ങേയറ്റം ശക്തമാവും എന്നത് ഉറപ്പാണ്.