ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു സഞ്ജു സാംസൺ ആരാധകർ വിൻഡിസ് പര്യടനത്തെ നോക്കി കണ്ടത്. കുറച്ചധികം നാളുകൾക്കു ശേഷം സഞ്ജുവിന് ലഭിച്ച ഒരു സുവർണാവസരം തന്നെയായിരുന്നു വിൻഡിസ് പര്യടനം ഏകദിന ടീമിലും ട്വന്റി20 ടീമിലും ഇടംപിടിക്കാൻ സഞ്ജു സാംസണ് സാധിച്ചു. മാത്രമല്ല ഈ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാനും സഞ്ജുവിന് സാധിക്കുമായിരുന്നു.
പക്ഷേ വളരെയധികം നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു സാംസണിൽ നിന്നുണ്ടായത്. ഏകദിന- ട്വന്റി20 പരമ്പരകളിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഇതോടുകൂടി ലോകകപ്പിൽ സഞ്ജു ഉണ്ടാവുമോ എന്ന കാര്യത്തിൽ വലിയ സംശയവും നിലനിൽക്കുന്നു.
പലയിടത്തു നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഏകദിന ലോകകപ്പിൽ സഞ്ജു സാംസൺ കളിക്കാൻ സാധ്യതകൾ ഒരുപാട് കുറവാണ്. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ അർത്ഥസെഞ്ച്വറി നേടിയെങ്കിലും പിന്നീട് ട്വന്റി20 പരമ്പരയിലും സഞ്ജു പരാജയമായി മാറുകയായിരുന്നു. ആദ്യ ട്വന്റി20യിൽ 12 റൺസും, രണ്ടാം ട്വന്റി20യിൽ 7 റൺസും മൂന്നാമത്തെ ട്വന്റി20യിൽ 13 റൺസുമാണ് സഞ്ജു സാംസൺ നേടിയത്.
മറുവശത്ത് ട്വന്റി20 പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച തിലക് വർമ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്തു. ഇത് സഞ്ജുവിന്റെ ലോകകപ്പിലെ സ്ഥാനത്തെയടക്കം ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ തിലക് വർമയെ ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് ഉൾപ്പെടുത്താനാണ് സാധ്യത. ട്വന്റി20 പരമ്പരയിലെ തിലക് വർമ്മയുടെ പ്രകടനം സെലക്ടർമാരെയടക്കം ആകർഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിലക് വർമയെ ഒരു ഏകദിന കളിക്കാരനാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഏകദിനത്തിൽ മോശം പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും സൂര്യകുമാർ യാദവും ഇന്ത്യയുടെ പട്ടികയിലുണ്ട്.
സൂര്യകുമാർ യാദവ് മുൻപിലേക്ക് വയ്ക്കുന്ന ഒരു എക്സ് ഫാക്ടർ മറികടക്കാൻ വിൻഡിസിനെതിരായ പരമ്പരയിൽ സഞ്ജുവിന് സാധിച്ചില്ല എന്നതാണ് വസ്തുത. അതിനാൽ തന്നെ ഇനിയൊരു പട്ടിക പരിഗണിക്കുമ്പോൾ അതിൽ സഞ്ജുവിന്റെ മുകളിൽ തന്നെയാവും സൂര്യകുമാർ യാദവ്.
മാത്രമല്ല യുവ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ മികച്ച പ്രകടനം ഏകദിന പരമ്പരയിൽ കാഴ്ചവച്ചിരുന്നു. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും അർധസെഞ്ച്വറി സ്വന്തമാക്കാൻ കിഷന് സാധിച്ചു. അതിനാൽ തന്നെ ഏഷ്യാകപ്പിലടക്കം കെ എൽ രാഹുൽ ടീമിലേക്ക് തിരികെ വന്നാലും ഇഷാൻ കിഷനാവും രണ്ടാം വിക്കറ്റ് കീപ്പറായി കളിക്കുക. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയ്ക്ക് ഒരുപാട് അബദ്ധങ്ങൾ സംഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം വിക്കറ്റ് കീപ്പറെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസന്റെ ലോകകപ്പിലെ സാന്നിധ്യം സംശയത്തിന്റെ നിഴലിൽ നിൽക്കുന്നു.