2011 ലോകകപ്പിൽ നിന്ന് രോഹിതിനെ പുറത്താക്കിയത് ധോണിയുടെ ആവശ്യപ്രകാരം. വെളിപ്പെടുത്തലുമായി ഇന്ത്യൻ മുൻ സെലക്ടർ.

2011ലെ ഏകദിന ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് യാതൊരു കാരണവശാലും മറക്കാൻ സാധിക്കാത്തതാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ 28 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വന്തമാക്കിയത് 2011ലായിരുന്നു. നിലവിലെ ഇന്ത്യൻ നായകനായ രോഹിത് ശർമയ്ക്ക് അന്ന് 24 വയസ്സാണ് ഉണ്ടായിരുന്നത്. 2007 ട്വന്റി20 ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇന്ത്യ 2011 ഏകദിന ലോകകപ്പിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കുകയുണ്ടായി.

ഇതിനെപ്പറ്റിയാണ് അന്നത്തെ ഇന്ത്യയുടെ സെലക്ടർമാരിൽ ഒരാളായ രാജ വെങ്കട്ട് ഇപ്പോൾ സംസാരിക്കുന്നത്. അന്ന് 2011 ഏകദിന ലോകകപ്പിൽ രോഹിത് ശർമയെ ഉൾപ്പെടുത്താൻ ഇന്ത്യ പ്ലാൻ ചെയ്തിരുന്നുവെന്നും, മഹേന്ദ്ര സിംഗ് ധോണിയുടെ അഭ്യർത്ഥനപ്രകാരമാണ് രോഹിത്തിന് പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്തിയതെന്നും വെങ്കട്ട് പറയുന്നു.

“അന്ന് ഞങ്ങൾ ടീം സെലക്ഷനായി ഇരിക്കുന്ന സമയത്ത് രോഹിത് ശർമ ഞങ്ങളുടെ മുൻപിലുള്ള വലിയൊരു ഓപ്ഷൻ തന്നെയായിരുന്നു. യശ്പാൽ ശർമയും ഞാനും അന്ന് സൗത്താഫ്രിക്കയിൽ ആയിരുന്നു. കാരണം ഇന്ത്യയ്ക്ക് അന്ന് സൗത്താഫ്രിക്കൻ പര്യടനം ഉണ്ടായിരുന്നു. ശ്രീകാന്ത്, സുരേന്ദ്ര ബാവെ, നരേന്ദ്ര ഹിർവാനി എന്നിവരായിരുന്നു ഞങ്ങളെ കൂടാതെ ഉണ്ടായിരുന്ന മറ്റു മൂന്ന് സെലക്ടർമാർ. അവർ ചെന്നൈയിലായിരുന്നു അന്ന്.

2011 ഏകദിന ലോകകപ്പിനുള്ള ടീം തിരഞ്ഞെടുക്കുന്ന സമയത്ത് 1 മുതൽ 14 വരെയുള്ള കളിക്കാരെ ഞങ്ങൾ മുൻപിലേക്ക് വെച്ചു. അന്ന് പാനൽ അത് അംഗീകരിക്കുകയും ചെയ്തു. 15 ആമനായി ഞങ്ങൾ നിർദ്ദേശിച്ചത് രോഹിത് ശർമയായിരുന്നു. കോച്ചായ ഗ്യാരി ക്രിസ്റ്റനും രോഹിത് നല്ലൊരു ഓപ്ഷനാണ് എന്ന് തോന്നിയിരുന്നു. പക്ഷേ നായകൻ മഹേന്ദ്ര സിംഗ് ധോണിയ്ക്കാവശ്യം ചൗളയെ ആയിരുന്നു. ധോണി അങ്ങനെയൊരു ആവശ്യം മുൻപിലേക്ക് വെച്ചപ്പോൾ ക്രിസ്റ്റൻ അതിന് വഴങ്ങി. ധോണി ആവശ്യപ്പെട്ടതാണ് ശരിയെന്ന് ക്രിസ്റ്റൻ സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് രോഹിത് ശർമയ്ക്ക് 2011 ലോകകപ്പിൽ സ്ഥാനം നഷ്ടമായത്.”- വെങ്കട്ട് പറയുന്നു.

“അന്ന് ഞങ്ങൾക്ക് രോഹിത് ശർമയുമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും രോഹിതിനെ ടീമിൽ തിരഞ്ഞെടുക്കാൻ സാധിക്കാതെ വന്നതിൽ ഞങ്ങൾക്ക് നല്ല നിരാശയുണ്ടായിരുന്നു. പതിനഞ്ചാമനായി പിയൂഷ് ചൗളയെ മതിയെന്ന് ക്യാപ്റ്റനും പരിശീലകനും ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ അത് അംഗീകരിക്കുകയായിരുന്നു. അതിനു മുൻപ് തന്നെ ഞങ്ങൾ 15 അംഗങ്ങളുള്ള ഒരു ടീമിനെ മുൻപിലേക്ക് വെച്ചിരുന്നു. എന്നാൽ പാനലിലേക്ക് വന്നപ്പോൾ നിർഭാഗ്യവശാൽ അങ്ങനെയൊരു മാറ്റം ഉണ്ടായി. അത്തരം മാറ്റങ്ങൾ വരുത്താൻ ക്യാപ്റ്റനും പരിശീലകനും അധികാരമുണ്ട്.”- വെങ്കട്ട് കൂട്ടിച്ചേർക്കുന്നു.

2011 ലോകകപ്പിൽ തന്നെ ഉൾപ്പെടുത്താതിരുന്നത് രോഹിത് ശർമയെ വളരെ നിരാശനാക്കിയിരുന്നു. അതിനെപ്പറ്റി രോഹിത് ട്വിറ്ററിൽ കുറിക്കുകയുണ്ടായി. “ലോകകപ്പിൽ എന്നെ തിരഞ്ഞെടുക്കാത്തത് എനിക്ക് വളരെ വളരെ നിരാശയുണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഇവിടെ നിന്ന് ഇനിയും മുന്നോട്ടുപോയേ സാധിക്കൂ.”- രോഹിത് ശർമ തന്റെ ട്വിറ്ററിൽ കുറിച്ചു. ശേഷം 2015 ലോകകപ്പിൽ രോഹിത് ശർമ ഇന്ത്യക്കായി കളിക്കുകയും, 8 മത്സരങ്ങളിൽ നിന്നും 330 റൺസ് സ്വന്തമാക്കി ഇന്ത്യയുടെ നട്ടെല്ലായി മാറുകയും ചെയ്തിരുന്നു.

Previous articleസഞ്ജുവിനെക്കാൾ മോശമാണ് ഹർദിക്കിന്റെ പ്രകടനം, അവനെ ആരും കുറ്റപ്പെടുത്തുന്നില്ല. ആകാശ് ചോപ്ര പറയുന്നു.
Next articleഇഷ്ടതാരം ടീമിലില്ലെന്ന് പറഞ്ഞ് ടീമിലുള്ള മറ്റുള്ളവരെ അവഹേളിക്കരുത്. ആരാധകരെ വിമർശിച്ച് അശ്വിൻ.