സഞ്ജുവിനെക്കാൾ മോശമാണ് ഹർദിക്കിന്റെ പ്രകടനം, അവനെ ആരും കുറ്റപ്പെടുത്തുന്നില്ല. ആകാശ് ചോപ്ര പറയുന്നു.

hardik and sky

ഏഷ്യാകപ്പിനുള്ള 17 അംഗ ഇന്ത്യൻ സ്ക്വാഡിൽ നിന്ന് മലയാളി താരം സഞ്ജു സാംസനെയടക്കം ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. സ്ക്വാഡിൽ ബാക്കപ്പ് കളിക്കാരനായി മാത്രമാണ് സഞ്ജുവിനെ ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും കഴിഞ്ഞ പരമ്പരകളിലെ മോശം ബാറ്റിംഗ് പ്രകടനമാണ് സഞ്ജുവിനെ ബാധിച്ചത്. എന്നാൽ പലരും സഞ്ജുവടക്കമുള്ള യുവതാരങ്ങളെ മോശം ഫോമിന്റെ പേരിൽ വിമർശിക്കുമ്പോഴും, ഇതിനിടെ ആരാലും വിമർശിക്കപ്പെടാതെ നടക്കുന്ന ഒരു താരത്തെപ്പറ്റിയാണ് ആകാശ് ചോപ്ര സംസാരിക്കുന്നത്. ഇന്ത്യയുടെ ട്വന്റി20 നായകനായ ഹർദിക് പാണ്ഡ്യയെ കുറിച്ചാണ് മുൻ ഇന്ത്യൻ താരം സംസാരിച്ചത്. ഹർദിക്കിന്റെ നിലവിലെ ഫോം വളരെ മോശമാണെന്നും അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നും ആകാശ് ചോപ്ര പറയുന്നു.

ഹർദിക് പാണ്ഡ്യ മികച്ച ഒരു താരമായിരുന്നു എന്നും, എന്നാൽ ഇപ്പോൾ അയാൾ വെറും നിഴലായി മാറി എന്നുമാണ് ചോപ്ര പറയുന്നത്. “ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു വലിയ പാക്കേജ് തന്നെയായിരുന്നു ഹർദിക് പാണ്ഡ്യ. അതായിരുന്നു അവനെ വ്യത്യസ്തനാക്കിയിരുന്നത്. പക്ഷേ തന്റെ പ്രതാപകാല മികവിന്റെ പകുതി പോലും പുറത്തെടുക്കാൻ പാണ്ഡ്യയ്ക്ക് ഇപ്പോൾ സാധിക്കുന്നില്ല എന്നതാണ് വസ്തുത.

സത്യസന്ധമായി പറഞ്ഞാൽ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ മറ്റാരും സംസാരിച്ചിട്ടുമില്ല. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടപ്പോഴും, ഏകദിന പരമ്പരയിലെ മത്സരത്തിൽ പരാജയപ്പെട്ടപ്പോഴും എല്ലാവരും ചൂണ്ടിക്കാട്ടിയത് യുവതാരങ്ങളുടെ പിഴവുകളായിരുന്നു. എന്നാൽ നായകനായ ഹർദിക് പാണ്ഡ്യ നടത്തിയ മോശം പ്രകടനത്തെ ആരും വിമർശിച്ചില്ല.”- ചോപ്ര പറയുന്നു.

Read Also -  കെസിഎൽ ത്രില്ലർ. അവസാന ബോളിൽ വിജയം നേടി കൊല്ലം. ഹീറോയായി ബോളർമാർ.

“ഹർദിക്കിന്റെ അവസാന മത്സരങ്ങളിലെ പ്രകടനം വളരെ പരിതാപകരം തന്നെയാണ്. അവസാന 10 മത്സരങ്ങളിൽ ഹർദിക് തന്റെ കരിയറിലെ തന്നെ മോശം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. വെസ്റ്റിൻഡീസ് പര്യടനത്തിൽ 52 പന്തുകളിൽ 70 റൺസ് നേടി ഹർദിക് ഒരു മികച്ച ഇന്നിങ്സ് കളിച്ചിരുന്നു. എന്നാൽ ഈ ഇന്നിങ്‌സിലും വളരെ മന്ദഗതിയിലാണ് ഹർദിക് ബാറ്റിംഗ് ആരംഭിച്ചത്. ശേഷമാണ് അയാൾ സ്ട്രൈക്ക് റേറ്റ് കണ്ടെത്തിയത്. ഈ ഇന്നിങ്സ് ഒഴിച്ചു നിർത്തിയാൽ പരമ്പരയിലെ ബാക്കി ഇന്നിംഗ്സുകളിലും ഹർദിക് പാണ്ഡ്യ പരാജയമായി മാറി.”- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

“ഒരു ഫിനിഷറായാണ് ഹർദിക്ക് കളിക്കുന്നത്. അയാളുടെ സ്ട്രൈക്ക് റേറ്റ് നമ്മൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. ഫിനിഷർ എന്നതുതന്നെയാവും വരുന്ന ടൂർണമെന്റുകളിലും ഹർദിക്കിന്റെ പ്രാഥമിക റോൾ. അല്ലാത്തപക്ഷം നാലാം നമ്പറിൽ ഹർദിക് കളിക്കില്ല. ഫിനിഷറായി കളിക്കുമ്പോൾ ഹർദിക്കിന് ആവശ്യം സ്ട്രൈക്ക് റേറ്റാണ്. 150നടുത്ത് ഒരു സ്ട്രൈക്ക് റേറ്റാണ് അയാൾക്ക് വേണ്ടത്. എന്നാൽ പലപ്പോഴും ഹർദിക്കിന്റെ സ്ട്രൈക്ക് റേറ്റ് 100ന് താഴെയാണ്. അതുകൊണ്ടുതന്നെ ഹർദിക് മെച്ചപ്പെടേണ്ടതുണ്ട്.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു. ഈ വർഷം 10 ഏകദിന മത്സരങ്ങൾ ഹർദിക് കളിച്ചപ്പോൾ 31 റൺസ് ശരാശരിയിൽ 280 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

Scroll to Top