ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ പുറത്താകൽ വലിയ രീതിയിൽ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ നാലാം ഇന്നിംഗ്സിലാണ് അവിചാരിതമായ ഈ സംഭവം അരങ്ങേറിയത്.ബോൾ ലീവ് ചെയ്ത ബെയർസ്റ്റോ എതിർക്രിസിൽ നിന്ന സ്റ്റോക്സിന്റെ അടുത്തേക്ക് നടന്നടുക്കുകയായിരുന്നു. ഈ സമയത്ത് ഓസ്ട്രേലിയയുടെ കീപ്പർ കെയറി പന്ത് നേരെ സ്റ്റമ്പിലേക്ക് ത്രോ ചെയ്യുകയാണ് ഉണ്ടായത്. സാധാരണഗതിയിൽ ക്രിക്കറ്റിൽ ഇത്തരത്തിലുള്ള പുറത്താവലുകൾ ഉണ്ടാവാറില്ല. അതിനാൽ തന്നെ വളരെ അത്ഭുതത്തോടെയാണ് ബെയർസ്റ്റോ നിന്നത്. ശേഷം അമ്പയർ ഇത് റിവ്യൂവിന് വിടുകയും റീപ്ലേയിൽ ഔട്ട് ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നിരുന്നു. ഇപ്പോൾ ഈ സംഭവത്തിൽ ഓസ്ട്രേലിയൻ താരങ്ങളെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
ഓസ്ട്രേലിയയുടെ കീപ്പർ കെയറി അങ്ങനെ ക്രൂശിക്കപ്പെടേണ്ട ആളല്ലെന്നും, അയാൾ ചെയ്തത് വളരെ സ്മാർട്ടായ കാര്യമാണ് എന്നുമാണ് രവിചന്ദ്രൻ അശ്വിൻ പറഞ്ഞത്. “നമ്മൾ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ക്രിക്കറ്റിൽ ഒരു ബാറ്റർ തുടർച്ചയായി ക്രീസിന് പുറത്തേക്കിറങ്ങാതെ ഒരു വിക്കറ്റ് കീപ്പറും സ്റ്റമ്പിലേക്ക് ത്രോ എറിയാറില്ല. ഒരുപക്ഷേ ബെയർസ്റ്റോ തുടർച്ചയായി ക്രീസിന് പുറത്തേക്കിറങ്ങുന്നത് വിക്കറ്റ് കീപ്പർ അല്ലെങ്കിൽ സ്ലിപ്പിൽ നിന്ന ഫീൽഡർ കണ്ടിരിക്കണം. ശേഷം ഇത് മാന്യതയ്ക്ക് നിരക്കുന്നതല്ല അനീതിയാണ് എന്നൊക്കെ വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല. അത് കേയറിയുടെ ഗെയിം സ്മാർട്നസ് തന്നെയാണ്. അതിനെ നമ്മൾ അഭിനന്ദിക്കുക തന്നെ വേണം.”- രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.
മത്സരത്തിൽ ഗ്രീനിന്റെ പന്തിലായിരുന്നു ബെയർസ്റ്റോ ഒഴിഞ്ഞുമാറിയത്. ശേഷം കെയറി സ്റ്റമ്പിലേക്ക് ത്രോ എറിയുകയും ഓസ്ട്രേലിയൻ താരങ്ങൾ അപ്പീലുമായി ഓടി വരുകയും ചെയ്തു. ഇതിനുശേഷം തേർഡ് അമ്പയർ പരിശോധിച്ച് ഔട്ട് വിധിക്കുകയായിരുന്നു. ക്രീസിന് പുറത്തിറങ്ങുന്നതിനു മുമ്പായി ബെയർസ്റ്റോ കീപ്പറോടോ സ്ലിപ്പിൽ നിന്ന ഫീൽഡറോടോ അനുവാദം വാങ്ങിയിരുന്നില്ല എന്നതിനാൽ തന്നെ ഇത് ഔട്ടാണ്. പക്ഷേ ക്രിക്കറ്റിന്റെ സ്പിരിറ്റ് കണക്കിലെടുത്ത് പല ടീമുകളും ഇത്തരം സാഹചര്യങ്ങളിൽ അപ്പീൽ ചെയ്യാറില്ല. ഇതിനെതിരെ ഇംഗ്ലണ്ടിന്റെ നായകൻ സ്റ്റോക്സും കോച്ച് മക്കല്ലവും രംഗത്തെത്തിയിരുന്നു.
ഇത്തരം രീതിയിൽ മത്സരം വിജയിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ബെൻ സ്റ്റോക്സ് പത്രസമ്മേളനത്തിൽ പറഞ്ഞത്. ഓസ്ട്രേലിയ ക്രിക്കറ്റിന്റെ മാന്യതക്കെതിരായാണ് കളിച്ചത് എന്ന രീതിയിലാണ് ബ്രണ്ടൻ മക്കല്ലം സംസാരിച്ചത്. എന്തായാലും വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയ്ക്ക് ഈ സംഭവം വഴിവെക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.