അങ്ങനെ ഗുജറാത്തിനെതിരായ ത്രസിപ്പിക്കുന്ന വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം ചൂടിയിരിക്കുകയാണ്. ഫൈനൽ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്ക് ഗുജറാത്തിനെ പരാജയപ്പെടുത്തിയിരുന്നു ചെന്നൈയുടെ വിജയം. മഴമൂലം റിസർവ് ഡേയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഗുജറാത്ത് ടൈറ്റൻസായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ സായി സുദർശന്റെ തകർപ്പൻ ബാറ്റിംഗിന്റെ മികവിൽ 214 റൺസ് ആയിരുന്നു ഗുജറാത്ത് കൂട്ടിച്ചേർത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് മഴയുടെ സാഹചര്യത്തിൽ വിജയലക്ഷ്യം 15 ഓവറുകളിൽ 171 റൺസായി ചുരുങ്ങി. ജഡേജയുടെ തകർപ്പൻ ഹീറോയിസത്തിന്റെ ബലത്തിൽ അവസാന ബോളിൽ ചെന്നൈ മത്സരത്തിൽ ലക്ഷ്യം കാണുകയായിരുന്നു. മത്സരശേഷം ചെന്നൈയോടേറ്റ പരാജയത്തെ പറ്റി ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.
ചെന്നൈയോടെറ്റ പരാജയത്തിൽ വലിയ ദുഃഖമില്ലെന്നായിരുന്നു പാണ്ഡ്യ പറഞ്ഞത്. ധോണിയെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് വലിയ സന്തോഷമുണ്ടെന്നും പാണ്ഡ്യ പറയുകയുണ്ടായി. “ധോണിയെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഈ വിധി എഴുതപ്പെട്ടതായിരുന്നു. ഞങ്ങൾ പരാജയപ്പെട്ടെങ്കിലും ധോണിയുടെ മുൻപിലാണ് പരാജയപ്പെട്ടത് എന്നത് അഭിമാനമാണ്. നല്ല കാര്യങ്ങൾ നല്ല ആളുകൾക്ക് സംഭവിച്ചുകൊണ്ടിരിക്കും. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ഒരു ക്രിക്കറ്ററാണ് മഹേന്ദ്ര സിംഗ് ധോണി. ദൈവം അദ്ദേഹത്തിനൊപ്പമാണ്. എന്റെ ഒപ്പവും ദൈവമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ദിവസം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.”- പാണ്ഡ്യ പറഞ്ഞു.
മത്സരത്തിലെ ഗുജറാത്തിന്റെ പ്രകടനത്തെപ്പറ്റിയും പാണ്ഡ്യ പറയുകയുണ്ടായി. “ഞങ്ങൾ ഒരുമിച്ച് നിന്നാണ് മത്സരത്തിൽ പോരാടിയത്. പരാജയപ്പെട്ടാലും വിജയിച്ചാലും ഞങ്ങൾ ടീമായി തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. മറ്റ് എക്സ്ക്യൂസുകൾ ഒന്നും പറയാനില്ല. ചെന്നൈ സൂപ്പർ കിങ്സ് ഞങ്ങളെക്കാൾ വളരെ മികച്ച രീതിയിൽ തന്നെയാണ് കളിച്ചത്. സായി സുദർശന്റെ മികച്ച ബാറ്റിംഗ് പ്രകടനവും എടുത്തു പറയേണ്ടതാണ്. എന്നിരുന്നാലും വിജയം അവർക്കാണ് ഉണ്ടായത്. പക്ഷേ മോഹിത് ശർമ, റാഷിദ്, ഷാമി തുടങ്ങിയവരൊക്കെയും മത്സരം അവസാന ഓവർ വരെ എത്തിച്ചത് വളരെ പ്രശംസനീയമാണ്.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.
ഐപിഎൽ കരിയറിലെ തങ്ങളുടെ അഞ്ചാം കിരീടമാണ് ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ നേടിയത്. ഇതോടെ ഏറ്റവുമധികം ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയ ടീം എന്ന റെക്കോർഡിനൊപ്പം ചെന്നൈ എത്തിയിട്ടുണ്ട്. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് മാത്രമാണ് ഇതിനുമുൻപ് 5 ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. മറ്റു ടീമുകൾക്കൊക്കെയും ഇത് ഇപ്പോഴും ഒരു സ്വപ്നം മാത്രമായി തന്നെ നിൽക്കുന്നു.