ലോകകപ്പ് നേടുന്നതിനേക്കാൾ കഠിനമാണ് ഐപിഎൽ ട്രോഫി നേടുന്നത്. രോഹിത്തിന്റെ നായകത്വത്തെ പറ്റി ദാദ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പരാജയത്തിന് ശേഷം രോഹിത് ശർമ്മയ്ക്കെതിരെ കുറച്ചധികം വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇന്ത്യൻ ടെസ്റ്റ് ടീമിൽ രോഹിത് നായകനാവാൻ പ്രാപ്തനാണോ എന്ന രീതിയിൽ പോലും ചർച്ചകൾ ഉയർന്നിരുന്നു. ഇതിന് മറുപടി നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി ഇപ്പോൾ. വിരാട് കോഹ്ലിക്ക് പകരം രോഹിത്തിനെ നായകനാക്കാനുള്ള ഇന്ത്യയുടെ തീരുമാനം വളരെ ശരിയായിരുന്നു എന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് നടത്തിയ പ്രകടനങ്ങളുടെ കൂടെ അടിസ്ഥാനത്തിലാണ് സൗരവ് ഗാംഗുലിയുടെ ഈ വാദം.

“വിരാട് കോഹ്ലി നായകസ്ഥാനത്തു നിന്നും മാറിയതിനു ശേഷം ഇന്ത്യയ്ക്ക് വളരെ മികച്ച ഒരു നായകനെ ആവശ്യമായിരുന്നു. ആ സമയത്ത് രോഹിത് വളരെ മികവാർന്ന പ്രകടനങ്ങളാണ് പുറത്തെടുത്തിരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 5 ട്രോഫികൾ രോഹിത് സ്വന്തമാക്കിയിരുന്നു. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങൾ തന്നെ രോഹിത് നടത്തി. ഏഷ്യാകപ്പ് രോഹിത് നേടുകയുണ്ടായി. അതിനാൽ തന്നെ രോഹിത് അന്ന് മികച്ച ഒരു ഓപ്ഷൻ തന്നെയായിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഫൈനലിൽ എത്തുക എന്നത് തന്നെ വലിയ കാര്യമാണ്.”- ഗാംഗുലി പറഞ്ഞു.

rohit sharma 2022

“രോഹിത് ശർമ എന്ന നായകനെ ഞാൻ പൂർണമായും വിശ്വസിക്കുന്നു. അദ്ദേഹവും ധോണിയുമാണ് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുള്ള നായകന്മാർ. ഐപിഎല്ലിൽ വിജയം നേടുക എന്നത് അത്ര അനായാസകരമായ കാര്യമല്ല. ഐപിഎൽ കഠിനമായ ഒരു ടൂർണ്ണമെന്റ് തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു ലോകകപ്പ് കിരീടം ഉയർത്തുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയം കാണുക എന്നത്.”- സൗരവ് ഗാംഗുലി കൂട്ടിച്ചേർക്കുന്നു.

“ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ ഒരു ടീമിന് കളിക്കണമെങ്കിൽ 14 മത്സരങ്ങളിൽ പങ്കെടുക്കേണ്ടതുണ്ട്. എന്നാൽ ലോകകപ്പിലേക്ക് വരുമ്പോൾ ഒരു ടീമിന് സെമിയിൽ എത്തണമെങ്കിൽ നാലോ അഞ്ചോ മത്സരങ്ങൾ മാത്രം കളിച്ചാൽ മതിയാവും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചാമ്പ്യന്മാരായി മാറണമെങ്കിൽ ഒരു ടീമിന് കളിക്കേണ്ടത് കുറഞ്ഞത് 17 മത്സരങ്ങളാണ്. ഇത് വെച്ച് നോക്കുമ്പോൾ ലോകകപ്പ് കുറച്ചുകൂടി എളുപ്പമുള്ള ടൂർണ്ണമെന്റാണ്”- സൗരവ് ഗാംഗുലി പറയുന്നു. 2023ലെ 50 ഓവർ ലോകകപ്പ് ഇന്ത്യയിൽ തന്നെയാണ് നടക്കുന്നത്. അതിനാൽ തന്നെ മത്സരത്തിൽ വിജയം നേടാൻ ഇന്ത്യയ്ക്ക് വളരെയേറെ സാധ്യതകൾ മുൻപിലുണ്ട്.

Previous articleയുവതാരങ്ങൾ ടീമിലേക്ക് തിരിച്ച് വരുന്നു. വിൻഡിസ് പര്യടനത്തിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ.
Next articleകിട്ടുന്ന പ്രതിഫലത്തിൽ നിന്ന് 2 കോടി ആഭ്യന്തര കളിക്കാർക്കും കുട്ടികൾക്കും സഞ്ജു നൽകുന്നു. വെളിപ്പെടുത്തി രാജസ്ഥാൻ അംഗം.