ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായിട്ടാണ്. മൂന്ന് വീതം ഏകദിന, ടി :ട്വന്റി മത്സരങ്ങൾ ഉൾപ്പെടുന്ന പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ കഴിയുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന 20 അംഗ സ്‌ക്വാഡിനെ ദിവസങ്ങൾ മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. ഏറെ യുവ താരങ്ങൾക്കും പുതുമുഖ ക്രിക്കറ്റ് താരങ്ങൾക്കും അവസരം നൽകിയുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക മുൻ ഇന്ത്യൻ താരവും നിലവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനുമായ രാഹുൽ ദ്രാവിഡാണ്. പര്യടനത്തിനായി ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ലങ്കയിൽ എത്തി കഴിഞ്ഞു.
അതേസമയം ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകൻ അർജുൻ രണതുംഗ ഇപ്പോൾ രംഗത്ത് എത്തി.ഇന്ത്യയുമായുള്ള പരമ്പര ലങ്കൻ ക്രിക്കറ്റിന് അപമാനമാണ് എന്നും അദ്ദേഹം തുറന്നടിച്ചു. ലങ്കൻ ടീം ഒരിക്കലും ഇന്ത്യയുടെ ഒരു രണ്ടാം നിര ടീമുമായി കളിക്കുവാൻ പാടില്ല എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അയക്കുന്ന ഒരു രണ്ടാം നിര ടീമിനോപ്പം കളിക്കുന്നത് നമ്മുടെ ക്രിക്കറ്റിനെ നശിപ്പിക്കുന്നതിന് തുല്യമാണ് എന്നും രണതുംഗ വിമർശിച്ചു. എല്ലാ കാര്യത്തിലും തെറ്റുകൾ കാണിക്കുന്ന ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നടപടികളെ അദ്ദേഹം നിശിതമായി വിമർശിച്ചു. ഒപ്പം രണ്ടാം നിര ടീമിനെ അയക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനേയും മുൻ ലോകകപ്പ് വിജയിയായ നായകൻ എതിർത്തു.
“ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുവാനായി കോഹ്ലിയുടെ നേതൃത്വത്തിൽ ഒരു ടീം അവിടെ തന്നെ തുടരുമ്പോൾ വെറുതേ ടെലിവിഷൻ റേറ്റിംഗ് മാത്രം മുന്നിൽ കണ്ടാണ് ലങ്കൻ ബോർഡ് ഈ ഒരു നിലപാടിൽ എത്തിയത്. രണ്ടാം നിര ടീം മാത്രമാണ് ഇപ്പോൾ ലങ്കക്ക് എതിരായി കളിക്കുവാൻ വന്നത്. എന്തിനാണ് ഈ ഒരു പരമ്പരക്ക് സമ്മതിച്ചത്. നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുവാൻ മാത്രമേ ഇത് സഹായിക്കൂ “അദ്ദേഹം അതിരൂക്ഷ ഭാഷയിൽ പ്രതികരിച്ചു.ഇപ്പോൾ ലങ്കയിൽ എത്തിയ ഇന്ത്യൻ സംഘം ക്വാറന്റൈനിൽ തുടരുകയാണ്. വൈകാതെ ഇന്ത്യൻ ടീം ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരം ആരംഭിക്കും .