“ട്വന്റി20 ലോകകപ്പ് തുടക്കം മാത്രം, ഇനിയും കിരീടങ്ങൾ ഇന്ത്യയിലെത്തും” അടങ്ങാത്ത ആഗ്രഹത്തെപ്പറ്റി രോഹിത് ശർമ.

2024 ട്വന്റി20 ലോകകപ്പിൽ അത്യുഗ്രൻ പ്രകടനം കാഴ്ചവച്ച് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത നായകനാണ് രോഹിത് ശർമ.   ഐസിസി കിരീടങ്ങളോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും വിജയം സ്വന്തമാക്കി കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് രോഹിത് ശർമ ഇപ്പോൾ പുലർത്തിയിരിക്കുന്നത്. ഇനിയും ഒരുപാട് ട്രോഫികൾ ഇന്ത്യയുടെ ഷെൽഫിൽ ഉണ്ടാകുമെന്ന് രോഹിത് ഉറപ്പ് നൽകുന്നു.

2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയത് കൊണ്ട് തന്റെ ആഗ്രഹം അവസാനിക്കുന്നില്ല എന്നാണ് രോഹിത് ശർമ പറയുന്നത്. ഇനിയും ഒരുപാട് താൻ ആഗ്രഹിക്കുന്നുണ്ടെന്നും, ആ ആഗ്രഹമാണ് തന്റെ വിജയരഹസ്യമെന്നും രോഹിത് ശർമ പറയുകയുണ്ടായി.

“ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 5 കിരീടങ്ങൾ സ്വന്തമാക്കാൻ എനിക്ക് സാധിച്ചു. ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. ഒരിക്കലും ഞാൻ ഒന്നും അവസാനിപ്പിക്കാറില്ല. മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ തുടങ്ങിയാൽ പിന്നീട് വിജയങ്ങൾ സ്വന്തമാക്കണമെന്ന ലക്ഷ്യം മാത്രമാണ് എനിക്കുള്ളത്. കൂടുതൽ കിരീടങ്ങൾ ചൂടുക. ഒരിക്കലും വിജയങ്ങൾ അവസാനിപ്പിക്കാതിരിക്കുക. അതിനായി ടീമിനെ പരമാവധി അണിനിരത്തുക. ഭാവിയിൽ കൂടുതൽ മികവ് പുലർത്താനായി ശ്രമിക്കുക.”- രോഹിത് ശർമ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ച് വളരെ നിർണായകമായ കുറച്ച് പര്യടനങ്ങളാണ് വരാനിരിക്കുന്നത്. വലിയ വെല്ലുവിളികൾ ഈ പര്യടനങ്ങൾ ഉണ്ടാക്കിയേക്കും. ഇത്തരം വെല്ലുവിളികൾ ഒരിക്കലും അവസാനിക്കുന്നില്ല. എന്നാൽ ഇത്തരം കാര്യങ്ങൾ നേരിട്ട് കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞാൻ കഴിഞ്ഞ സമയങ്ങളിൽ ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. ടീം അംഗങ്ങളും ഇതേ നിലയിൽ തന്നെയാണ് കാര്യങ്ങൾ കാണുന്നത് എന്ന് എനിക്ക് ഉറപ്പാണ്. കഴിഞ്ഞ 2 വർഷങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റിന് സാധിച്ചു. ഒരുപാട് ആവേശകരമായ നിമിഷങ്ങളുണ്ടായി.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ലോകകപ്പിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് പരിശീലകൻ രാഹുൽ ദ്രാവിഡും ചീഫ് സെലക്ടർ അജിത് അഗാർക്കറും ബിസിസിഐ സെക്രട്ടറി ജയ് ഷായുമാണ് എന്ന് രോഹിത് ശർമ പറഞ്ഞു. ടീമിന്റെ തൂണായി പ്രവർത്തിക്കാൻ ഇവർക്ക് സാധിച്ചതാണ് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ പ്രധാന കാരണമായത് എന്നും രോഹിത് പറയുകയുണ്ടായി. മാത്രമല്ല ടീമിനുള്ളിലെ താരങ്ങളുടെ മികവും കുറച്ചു കാണാൻ സാധിക്കില്ല എന്നാണ് രോഹിത് ശർമ പറഞ്ഞത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ് രോഹിത് ശർമയ്ക്ക് മുൻപിലുള്ള അടുത്ത ലക്ഷ്യം.

Previous articleഇന്ത്യയ്‌ക്കെതിരായ പരമ്പര ആഷസിന് തുല്യം. ഞങ്ങൾ തൂത്തുവാരും. മിച്ചൽ സ്റ്റാർക്ക്.
Next articleസഞ്ജു രാജസ്ഥാൻ ടീമിന്റെ പടിയിറങ്ങുന്നു? സ്വപ്ന വാഗ്ദാനങ്ങളുമായി മറ്റു ടീമുകൾ.