അടുത്ത വര്‍ഷം ഇന്ത്യയില്‍ വച്ചാണ് ഏകദിന ലോകകപ്പ് നടക്കുക. 2011 ല്‍ വിശ്വ കിരീടം ചൂടിയതിനു ശേഷം ഇന്ത്യക്ക് ഇതുവരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞട്ടില്ല. 2023 ലെ ലോകകപ്പില്‍ രോഹിത് ശര്‍മ്മക്കൊപ്പം ഓപ്പണിംഗില്‍ ആരാകും എന്ന ചോദ്യത്തിനു ഉത്തരം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. കെല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, ശിഖാര്‍ ധവാന്‍ എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. രോഹിത് ശര്‍മ്മക്കൊപ്പം വെറ്ററന്‍ താരം ധവാനായിരിക്കും ഓപ്പണ്‍ ചെയ്യുക എന്ന് ഓജ പറഞ്ഞു.
ഇക്കഴിഞ്ഞ വിന്‍ഡീസ് ഏകദിന പര്യടനത്തില്‍ ഇന്ത്യന്‍ ടീമനെ നയിച്ചത് ധവാനായിരുന്നു. രണ്ട് മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ താരം ടീമിനെ സമ്പൂര്‍ണ്ണ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇപ്പോഴിതാ ധവാന്‍റെ ലോകകപ്പ് സാധ്യതകളെ പറ്റി പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം.
“ധവാന്‍ ഏകദിന ലോകകപ്പ് കളിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നു. അവർ രണ്ടുപേരും ഒരുമിച്ച് മികച്ച പ്രകടനം കാഴ്ചവച്ചട്ടുണ്ട്. കൂടാതെ ആരെങ്കിലും സ്ഥിരതയാർന്ന പ്രകടനം നടത്തുകയോ വർഷങ്ങളായി മികച്ച പ്രകടനം നടത്തുകയോ ചെയ്താൽ, അവനെ തള്ളിക്കളയാനാവില്ല എന്നതാണ് രോഹിത് ശര്‍മ്മയുടെ നിലപാട്. രോഹിത് തീർച്ചയായും നിങ്ങൾക്ക് ആ പരിഗണന നൽകുന്നു, ഇത് ഒരു നല്ല കാര്യമാണ്, കാരണം ഐസിസി ഇവന്റുകളിൽ നിങ്ങൾക്ക് ആ അനുഭവസമ്പത്ത് ആവശ്യമാണ്. ” ഓജ പറഞ്ഞു.
ഇന്ത്യക്കായി ഓപ്പണിംഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കൂട്ടൂകെട്ട് നേടിയ രണ്ടാം ജോഡിയാണ് ധവാനും – രോഹിത് ശര്‍മ്മയും. ഇരുവരും ചേര്‍ന്ന് 114 ഇന്നിംഗ്സില്‍ 5125 റണ്‍സ് നേടി. 18 സെഞ്ചുറി കൂട്ടുകെട്ടും 15 അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടും പൂര്‍ത്തിയാക്കി. 6609 റണ്‍സ് നേടിയ ഗാംഗുലി – സച്ചിനാണ് ലിസ്റ്റില്‍ ഒന്നാമത്.