വിജയിക്കാൻ 12 റൺസ്, ശേഷിച്ചത് 2 വിക്കറ്റ്. തുടർച്ചയായി സിക്സർ നേടി കിഷൻ. തിരിച്ചുവരവ് ഗംഭീരം

ISHAN

ബുച്ചി ബാബു ടൂർണ്ണമെന്റിൽ വമ്പൻ പ്രകടനവുമായി ഇഷാൻ കിഷൻ. ജാർഖണ്ഡ് ടീമിനായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്താണ് കിഷൻ ശ്രദ്ധ പിടിച്ചുപറ്റിയത്. മത്സരത്തിന്റെ അവസാന ഭാഗത്ത് തുടർച്ചയായി 2 സിക്സറുകൾ സ്വന്തമാക്കി ജാർഖണ്ഡിനെ ഒരു ത്രില്ലിംഗ് വിജയത്തിൽ എത്തിക്കാൻ ഇഷാൻ കിഷന് സാധിച്ചു.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട കിഷന്റെ ഒരു അത്യുഗ്രൻ തിരിച്ചുവരമാണ് ബുച്ചി ബാബു ടൂർണമെന്റിൽ കാണുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ എല്ലാത്തരത്തിലും മികവാർന്ന പ്രകടനം തന്നെയാണ് കിഷൻ കാഴ്ച വച്ചിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത മധ്യപ്രദേശ് 225 റൺസായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ജാർഖണ്ഡിനായി ഇഷാൻ കിഷൻ അടിച്ചു തകർത്തു. 107 പന്തുകൾ നേരിട്ട കിഷൻ 114 റൺസ് ആയിരുന്നു സ്വന്തമാക്കിയത്. ഇതോടെ ജാർഖണ്ഡിന് മത്സരത്തിൽ 64 റൺസിന്റെ ലീഡും ലഭിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സിൽ 238 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.

ഇതോടെ ജാർഖണ്ഡിന്റെ അവസാന ഇന്നിംഗ്സിലെ വിജയലക്ഷ്യം 175 റൺസായി മാറി. മികച്ച രീതിയിൽ തന്നെ അവസാന ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിക്കാൻ ജാർഖണ്ഡിന് സാധിച്ചിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ 101 എന്ന നിലയിൽ ജാർഖണ്ഡ് നിൽക്കുന്ന സമയത്താണ് ഇഷാൻ കിഷൻ ക്രീസിലെത്തിയത്.

Read Also -  "ഇന്ത്യയുടെ നമ്പർ 1 ബോളർക്ക് പന്ത് കൊടുക്കാതിരുന്നത് രോഹിതിന്റെ പിഴവ് ", വിമർശനവുമായി മുൻ താരം.

ശേഷം ജാർഖണ്ഡിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ഒരു വശത്ത് കിഷൻ ക്രീസിലുറച്ചെങ്കിലും മറുവശത്ത് മറ്റു ബാറ്റർമാർ വിക്കറ്റുകൾ വലിച്ചെറിഞ്ഞത് ജാർഖണ്ഡിനെ ബാധിച്ചിരുന്നു. 162 റൺസ് സ്വന്തമാക്കുന്നതിനിടെ 8 വിക്കറ്റുകളാണ് ജാർഖണ്ഡിന് നഷ്ടമായത്. മത്സരത്തിന്റെ 55ആം ഓവർ ആരംഭിക്കുമ്പോൾ 12 റൺസ് ആയിരുന്നു ജാർഖണ്ഡിന് വിജയിക്കാൻ വേണ്ടിയിരുന്നത്. 2 വിക്കറ്റുകൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. ഈ സമയത്താണ് ഇഷാൻ ആക്രമണം അഴിച്ചുവിട്ടത്. ആകാശ് രാജാവാത് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ഒരു വമ്പൻ ഷോട്ടിന് കിഷൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

അടുത്ത പന്തിൽ കിഷന് ആവശ്യമായ കണക്ഷൻ ലഭിച്ചു. ഇതോടെ പന്ത് അനായാസം സിക്സർ ലൈൻ കടന്നു. ശേഷം ഓവറിലെ മൂന്നാം പന്തിലും ഒരു വമ്പൻ സിക്സർ സ്വന്തമാക്കി ഇഷാൻ കിഷൻ ജാർഖണ്ഡിനെ മത്സരത്തിൽ വിജയത്തിൽ എത്തിക്കുകയായിരുന്നു. 2 വിക്കറ്റുകൾക്കാണ് ജാർഖണ്ഡിന്റെ ഈ മികച്ച വിജയം എന്തായാലും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിനായി പൊരുതുന്ന കിഷനെ സംബന്ധിച്ച് സന്തോഷകരമായ ഒരു പ്രകടനം തന്നെയാണ് ആദ്യ മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ മറ്റു വിക്കറ്റ് കീപ്പർമാരെ സംബന്ധിച്ച് കിഷന്റെ ഈ വമ്പൻ പ്രകടനം വലിയ രീതിയിൽ തലവേദനയായിട്ടുണ്ട്.

Scroll to Top