ശ്രേയസും വേണ്ട, രാഹുലും വേണ്ട. നാലാം നമ്പറിൽ അവനെ ഇറക്കണം. നിർദ്ദേശവുമായി പാക് താരം.

2023 ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് തന്നെ വലിയൊരു പ്രശ്നമാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി നടക്കേണ്ട ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കേണ്ടിവന്നു. അതിനാൽ തന്നെ പരിശീലന മത്സരമില്ലാതെയാണ് ഇന്ത്യ ലോകകപ്പിനായി ഇറങ്ങുന്നത്. ഇതോടുകൂടി ഇന്ത്യൻ ടീമിലെ ആശയക്കുഴപ്പങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഒരുപക്ഷേ പരിശീലന മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നെങ്കിൽ പ്ലെയിങ് ഇലവനെ സംബന്ധിച്ച് ഇന്ത്യയ്ക്ക് കുറച്ചുകൂടി വ്യക്തത ലഭിച്ചേനെ.

നിലവിൽ ഇന്ത്യയുടെ മധ്യനിരയിൽ ആരെയൊക്കെ ടീമിൽ ഉൾപ്പെടുത്തണം എന്നതാണ് വലിയ പ്രശ്നമായി നിൽക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് നാലാം നമ്പർ ബാറ്റിംഗ് പൊസിഷനാണ്. ഇന്ത്യയ്ക്ക് നാലാം നമ്പറിൽ കളിപ്പിക്കാനായി 4 കളിക്കാരാണുള്ളത്. കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്. ഇവരിൽ രാഹുലിനും അയ്യർക്കുമാണ് നാലാം നമ്പറിൽ അവസരം ലഭിക്കാൻ സാധ്യത. പക്ഷേ ഇവരെയല്ല ഇന്ത്യ നാലാം നമ്പറിൽ കളിപ്പിക്കേണ്ടത് എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്റെ മുൻ താരം ഡാനിഷ് കനേറിയ.

ഇന്ത്യയ്ക്കായി ലോകകപ്പിൽ നാലാം നമ്പറിൽ കളിക്കേണ്ടത് ഇഷാൻ കിഷനാണ് എന്നാണ് ഡാനിഷ് കനേറിയ പറയുന്നത്. അയ്യരെയും ശ്രേയസിനെയും ഒഴിവാക്കി ഇഷാൻ കിഷന് ഇന്ത്യ നാലാം നമ്പർ പൊസിഷൻ നൽകണമെന്ന് കനേറിയ പറയുന്നു. “നാലാം നമ്പറിൽ ആരെ ബാറ്റിംഗിന് ഇറക്കണമെന്ന സംശയം ഇപ്പോഴും ഇന്ത്യയ്ക്കു മുൻപിലുണ്ട്. നിലവിൽ ആ സ്ഥാനത്തിനായി പോരടിക്കുന്നത് ഇഷാൻ കിഷനും ശ്രെയസ് അയ്യരുമാണ് എന്ന് ഞാൻ കരുതുന്നു.

ishan six

ഇങ്ങനെയൊരു മത്സരമാണ് നടക്കുന്നതെങ്കിൽ ഇഷാൻ കിഷനെ കൂട്ടി ഇന്ത്യ മുൻപോട്ട് പോകുന്നതാവും ഉത്തമം. കാരണം ഇഷാൻ ഒരു ഇടംകയ്യൻ ബാറ്ററാണ്. ഇന്ത്യയുടെ നിലവിലെ ഘടനയിൽ കിഷൻ വളരെ യോജിച്ച ഒരു ക്രിക്കറ്ററാണ്.”- കനേറിയ പറയുന്നു.

എന്നിരുന്നാലും നാലാം നമ്പറിൽ ഇന്ത്യ രാഹുലിന് അവസരം നൽകാനാണ് സാധ്യത. ഒരുപക്ഷേ അഞ്ചാം നമ്പറിൽ കിഷൻ ടീമിലേക്ക് എത്തിയേക്കും. അങ്ങനെയാണ് സെലക്ഷനെങ്കിൽ സൂര്യകുമാർ യാദവിനും പ്ലേയിങ് ഇലവന് പുറത്തിരിക്കേണ്ടിയും വരും. എന്നിരുന്നാലും ശ്രേയസ് അയ്യർ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ മൂന്നാം നമ്പറിൽ ഇറങ്ങി സെഞ്ചുറി സ്വന്തമാക്കിയിരുന്നു.

അതിനാൽ അയ്യരെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മറുവശത്ത് ഇഷാൻ കിഷൻ ഇന്ത്യയ്ക്ക് ഒരു ഇടംകൈ ചോയ്സ് കൂടി നൽകുന്നുണ്ട്. ഇഷാനെ മാറ്റിനിർത്തിയാൽ ബാറ്റിംഗ് നിരയിൽ ഒരു ഇടം കൈസാന്നിധ്യമില്ലാതെ ഇന്ത്യയ്ക്ക് ഇറങ്ങേണ്ടിവരും. ഇത് ടീമിന്റെ സന്തുലിതാവസ്ഥയെയും ബാധിച്ചേക്കും.

ഇതിനൊപ്പം പാക്കിസ്ഥാന്റെ പരിശീലന മത്സരങ്ങളിലെ പ്രകടനങ്ങളെ പറ്റിയും കനേറിയ വിലയിരുത്തുകയുണ്ടായി. “ബോളിങ്ങിൽ പാക്കിസ്ഥാൻ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. സന്നാഹ മത്സരത്തിലെ പാകിസ്ഥാൻ ബോളർമാരുടെ പ്രകടനം അത്ര മികച്ചതായി തോന്നിയില്ല. ഇതേ പ്രകടനം കൊണ്ട് ഇന്ത്യൻ മണ്ണിൽ മികവ് പുലർത്താൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. അബ്രാർ അഹമ്മദ് പോലെയുള്ള കളിക്കാരെ പാക്കിസ്ഥാൻ ഉൾപ്പെടുത്തേണ്ടതുണ്ട്.

സ്പിന്നർ മുഹമ്മദ് നവാസ് റൺസ് വിട്ടു നൽകുന്നതിൽ യാതൊരു പിശുക്കും കാണിക്കുന്നില്ല. ഇമാദ് വസീമിനെയും ടീമിൽ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. പാക്കിസ്ഥാൻ ടീം ഇപ്പോൾ സന്തുലിതമല്ല. അബ്രാറും ഇമാദും ടീമിലേക്ക് എത്തിയാൽ മാത്രമേ ടീം കൂടുതൽ ശക്തമാവുകയുള്ളൂ.”- കനേറിയ പറയുന്നു.