ദ്രാവിഡിന്റെ നിർദ്ദേശം അനുസരിക്കാതെ കിഷന്റെ തോന്ന്യാസം.. രഞ്ജിയിലും കളിക്കില്ല. ഇന്ത്യൻ ടീമിന് പുറത്തേക്ക്.

നിലവിൽ പ്രതിഭകളുടെ ധാരാളിത്തം മൂലം ഒരുപാട് മികച്ച താരങ്ങൾക്ക് അവസരം ലഭിക്കാതെ പോയിട്ടുള്ള ക്രിക്കറ്റ് രാജ്യമാണ് ഇന്ത്യ. സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും തുടർച്ചയായി ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ സൂപർ താരം ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ നിന്ന് ഇടവേള എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

ഇതിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട് തന്റെ മാനസിക പരമായ ചില പ്രശ്നങ്ങൾ മൂലം ഇടവേള എടുക്കുകയാണ് എന്നാണ് ഇഷാൻ കിഷൻ ഇന്ത്യൻ ടീമിനെ അറിയിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ ടീമിലെസ്ഥാനങ്ങൾക്കായി വലിയ മത്സരം നടക്കുന്നതുകൊണ്ട് തന്നെ, ഇഷാന് തിരികെ എത്താനുള്ള സാധ്യതകൾ മങ്ങിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇഷാൻ കിഷന് പകരം ഇന്ത്യ സഞ്ജു സാംസണിനെ ഉൾപ്പെടുത്തുകയും, സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ഇന്ത്യയെ രക്ഷിച്ച ഒരു സെഞ്ച്വറി സഞ്ജു നേടി. ഇതോടുകൂടി അഫ്ഗാനെതിരായ ട്വന്റി20 പരമ്പരക്കുള്ള സ്ക്വാഡിലും സഞ്ജു ഇടംപിടിച്ചു. കെഎൽ രാഹുൽ ടെസ്റ്റിൽ വിക്കറ്റ് കീപ്പറായി തുടരുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടാനും രാഹുലിന് സാധിച്ചിരുന്നു.

ഇതൊക്കെയും ഇഷാൻ കിഷന് പ്രതികൂലമായി നിൽക്കുന്ന കാര്യങ്ങളാണ്. മാത്രമല്ല അഫ്ഗാനെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരത്തിന് മുൻപ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ഇഷാൻ കിഷനോട് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതുവരെ ഇഷാൻ അതിനും തയ്യാറായിട്ടില്ല.

ഒരു മാസത്തോളമായി ഇഷാൻ കിഷൻ ഇപ്പോൾ യാതൊരു തര ക്രിക്കറ്റും കളിക്കുന്നില്ല. ദ്രാവിഡിന്റെ പ്രസ്താവനയോട് കൂടി ഇഷാന്റെ ഇന്ത്യൻ സ്ക്വാഡിലേക്കുള്ള തിരിച്ചുവരവ് തുലാസിലാണ്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇഷാൻ കിഷൻ കളിക്കുമോ എന്ന കാര്യം സംശയത്തിൽ നിൽക്കുന്നു. റിപ്പോർട്ട് പ്രകാരം തന്റെ സംസ്ഥാനമായ ജാർഖണ്ഡിനായി കളിക്കാൻ പോലും ഇഷാൻ കിഷൻ ഇതുവരെ തയ്യാറായിട്ടില്ല.

“ഇഷാൻ ഞങ്ങളുമായി ബന്ധപ്പെടുകയോ അദ്ദേഹത്തിന്റെ ലഭ്യതയെ സംബന്ധിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴാണോ അദ്ദേഹം ഞങ്ങളോട് ഇതേപ്പറ്റി സംസാരിക്കുന്നത്, അപ്പോൾ അദ്ദേഹത്തിന് ഞങ്ങളുടെ ടീമിലേക്ക് എത്താവുന്നതാണ്.”- ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ചക്രവർത്തി പറയുന്നു.

എന്നാൽ ഇത്തരത്തിൽ ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്നത് ഇഷാനെ വളരെ പ്രതികൂലമായി തന്നെ ബാധിക്കും എന്നത് ഉറപ്പാണ്. ആദ്യ ട്വന്റി20 മത്സരത്തിന് ശേഷം ഇന്ത്യയുടെ സീനിയർ താരമായ വിരാട് കോഹ്ലി അടക്കമുള്ളവർ ടീമിലേക്ക് തിരികെ എത്തുകയാണ്. രോഹിത് ശർമയും നിലവിൽ തിരികെയെത്തിയ സാഹചര്യമാണുള്ളത്. അതിനാൽ തന്നെ ടീമിൽ ഒരു സ്ഥാനം കണ്ടെത്തുക എന്നത് ഇഷാന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനോടൊപ്പം ഈ ഇടവേള കൂടിയാവുന്നതോടെ ഇഷാൻ കിഷന്റെ ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥാനം വലിയ രീതിയിൽ പ്രതിസന്ധിയിൽ തന്നെയാണ്.

Previous articleസച്ചിനും കോഹ്ലിയുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം അവനാണ്. തിരഞ്ഞെടുത്ത് മൊയിൻ അലി.
Next articleഫിനിഷിങ് പാഠങ്ങൾ പഠിച്ചത് മഹി ഭായിയിൽ നിന്ന്. എനിക്ക് പ്രചോദനം അദ്ദേഹം. ശിവം ദുബേയുടെ വാക്കുകൾ.