ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിവസം ഇന്ത്യൻ ടീമിനെതിരെ വലിയ ആധിപത്യം തന്നെയാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ബാറ്റിംഗുമാണ് ഓസ്ട്രേലിയയെ ശക്തമായ നിലയിലെത്തിച്ചത്. മത്സരത്തിൽ നാല് പേസ് ബോളർമാരുമായി ആയിരുന്നു ഇന്ത്യ ഇറങ്ങിയത്. എന്നാൽ ഇന്ത്യൻ ടീം സെലക്ഷനിൽ എല്ലാവരെയും ഞെട്ടിച്ച ഒരു പ്രധാന കാര്യം രവിചന്ദ്രൻ അശ്വിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല എന്നതാണ്. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.
ആശ്വിനെ ഇന്ത്യ ഫൈനലിൽ ടീമിൽ ഉൾപ്പെടുത്താതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല എന്നാണ് ഹർഭജൻ സിംഗ് പറഞ്ഞത്. “ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഞാൻ ആ തീരുമാനത്തിൽ ഒരുപാട് അത്ഭുതവാനായില്ല. ഇന്ത്യയെ സംബന്ധിച്ച് ഒന്നെങ്കിൽ അശ്വിനെയോ, അല്ലെങ്കിൽ ജഡേജയോ മാത്രമേ ടീമിൽ കളിപ്പിക്കാൻ സാധിക്കൂ. നിർഭാഗ്യവശാൽ അശ്വിന് ടീമിൽ കളിക്കാനായില്ല. രോഹിത്, ഗിൽ, വിരാട് കോഹ്ലി, രഹാനെ, പൂജാര തുടങ്ങിയവരാണ് ഇന്ത്യയുടെ മുൻനിരയിലുള്ളവർ. അതിനാൽ തന്നെ ഇന്ത്യൻ നിര ശക്തമായി തന്നെയാണ് തോന്നുന്നത്.”- ഹർഭജൻ പറഞ്ഞു.
ഇതോടൊപ്പം ടീമിൽ കെ എസ് ഭരതിന് പകരം ഇന്ത്യ ഇഷാൻ കിഷനെ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നും ഹർഭജന് അഭിപ്രായമുണ്ട്. ഇഷാൻ കിഷൻ ഭരതിനേക്കാൾ മത്സരത്തിൽ ഇമ്പാക്ട് ഉണ്ടാക്കാൻ സാധ്യതയുള്ള ക്രിക്കറ്ററായിരുന്നു എന്നും ഹർഭജൻ പറയുന്നു. “ഭരതിന് പകരം ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് നമ്മളെല്ലാവരും കരുതിയത്. എന്നാൽ അത് സംഭവിച്ചില്ല. എന്നിരുന്നാലും ഇന്ത്യൻ ടീം 4 സീമർമാരെ വെച്ച് കളിക്കുന്നത് ഗുണം ചെയ്യും എന്നാണ് ഞാൻ കരുതുന്നത്.”- ഹർഭജൻ കൂട്ടിച്ചേർത്തു.
മത്സരത്തിന്റെ ആദ്യ ദിവസം മികച്ച തുടക്കം തന്നെയായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. ഓസ്ട്രേലിയൻ ടീമിനെ 76ന് 3 എന്ന നിലയിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് തുടക്കത്തിൽ സാധിച്ചിരുന്നു. പിന്നീട് സ്മിത്തും ഹെഡും ചേർന്ന് തകർപ്പൻ കൂട്ടുകെട്ട് ഓസ്ട്രേലിയക്കായി കെട്ടിപ്പടുക്കുകയായിരുന്നു.