ഓസീസിനെ പിടിച്ചുകെട്ടി ഇന്ത്യ, 469 റൺസിന് പുറത്ത്. രണ്ടാം ദിവസം ഇന്ത്യൻ തിരിച്ചു വരവ്

രണ്ടാം ദിവസം ഒരു തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യൻ ബോളർമാർ. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം മികച്ച നിലയിലായിരുന്ന ഓസ്ട്രേലിയയെ രണ്ടാം ദിവസം പിടിച്ചുകെട്ടിയിരിക്കുകയാണ് ഇന്ത്യൻ ബോളർമാർ. 361ന് 3 എന്ന ഭേദപ്പെട്ട നിലയിൽ നിന്ന ഓസ്ട്രേലിയയെ 469 റൺസിന് ഓൾ ഔട്ട് ആക്കാൻ ഇന്ത്യൻ ബോളർമാർക്ക് രണ്ടാം ദിവസം സാധിച്ചു. ഇതോടെ മത്സരത്തിലേക്ക് രാജകീയമായി ഇന്ത്യ തിരിച്ചെത്തിയിരിക്കുകയാണ്. ബാറ്റിംഗിന് അനുകൂലമായ ഓവലിൽ ഓസ്ട്രേലിയയെ ഈ സ്കോറിൽ പുറത്താക്കാൻ സാധിച്ചത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.

മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഖവാജയെ പൂജ്യനായി മടക്കിയാണ് സിറാജ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. എന്നാൽ വാർണറും(43) ലബുഷെയ്നും(26) ക്രീസിൽ ഉറയ്ക്കുകയുണ്ടായി. ഇവർക്ക് ശേഷം ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തും ഹെഡും ഇന്ത്യയ്ക്ക് തലവേദനയായി മാറി. ഇരുവരും മികച്ച പ്രകടനത്തോടെ ആദ്യദിവസം നിറഞ്ഞുനിന്നു. ആദ്യ ഇന്നിങ്സിൽ ഇരുവർക്കും സെഞ്ചുറി നേടാനും സാധിച്ചു.

ഹെഡ് 174 പന്തുകൾ നേരിട്ട് 163 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. സ്മിത്ത് 268 പന്തുകൾ നേരിട്ട് 121 റൺസ് നേടുകയുണ്ടായി. ഇരുവരും ചേർന്ന് ഒരു വമ്പൻ കൂട്ടുകെട്ട് തന്നെയായിരുന്നു നാലാം വിക്കറ്റിൽ കെട്ടിപ്പടുത്തത്. എന്നാൽ ശേഷമെത്തിയ ബാറ്റർമാർക്ക് ഇത് മുതലെടുക്കാൻ സാധിച്ചില്ല. രണ്ടാം ദിവസം ഓസ്ട്രേലിയൻ ബാറ്റർമാരെ പിടിച്ചുകെട്ടുന്നതിൽ ഇന്ത്യ വിജയിച്ചു. 48 റൺസെടുത്ത് അലക്സ് കേയറി മാത്രമാണ് ഓസ്ട്രേലിയ നിരയിൽ രണ്ടാം ദിവസം അല്പമെങ്കിലും പിടിച്ചുനിന്നത്.

ഇങ്ങനെ ഓസ്ട്രേലിയ 469 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാലും മുഹമ്മദ് ഷാമി, ശർദുൽ താക്കൂർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. എന്തായാലും ആദ്യ ദിവസത്തെ മോശം പ്രകടനത്തിനുശേഷം വമ്പൻ തിരിച്ചുവരവ് തന്നെയാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ 500ന് മുകളിൽ ഒരു സ്കോർ കണ്ടെത്തി മികച്ച ലീഡ് നേടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ മാത്രമേ ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം കണ്ടെത്താൻ സാധിക്കൂ.