2022 ലെ ഏഷ്യാ കപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയുണ്ടാക്കുന്നത് ഏങ്ങനെയാണെന്ന് ചൂണ്ടികാട്ടി ഇർഫാൻ പത്താൻ. സെപ്റ്റംബർ 4, ഞായറാഴ്ച ദുബായിൽ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ 4 മത്സരം. കാൽമുട്ടിനേറ്റ പരിക്ക് കാരണം ജഡേജയ്ക്ക് തുടർന്നുള്ള മത്സരങ്ങള്‍ നഷ്ടമാവുമ്പോള്‍ പകരക്കാരനായി അക്സര്‍ പട്ടേലിനെ തിരഞ്ഞെടുത്തു.
ജഡേജയിൽ നിന്ന് വ്യത്യസ്തമായി, ബാറ്റിംഗ് ഓർഡറിൽ അക്‌സറിനെ ഒരു ഫ്ലോട്ടറായി ഉപയോഗിക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞേക്കില്ല എന്ന് സ്റ്റാര്‍ സ്പോര്‍ട്ട്സിലെ ചര്‍ച്ചയില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
“അക്ഷർ പട്ടേലാണ് തികച്ചും ശരിയായ പകരക്കാരൻ. ഒരേയൊരു പ്രശ്നം ജഡേജ ഒരു മികച്ച ബാറ്ററായി മാറിയിരിക്കുന്നു, നിങ്ങൾക്ക് അദ്ദേഹത്തെ ടോപ്പ് ഓഡറില്‍ ബാറ്റ് ചെയ്യാൻ കഴിയുമായിരുന്നു, നിങ്ങൾക്ക് അക്സറിനൊപ്പം അത് ചെയ്യാൻ കഴിഞ്ഞേക്കില്ല.”
“നിങ്ങൾക്ക് മികച്ച ബൗളിംഗും ഫീൽഡിംഗും അക്സറില്‍ നിന്നും ലഭിക്കും, അതിൽ പ്രശ്‌നമില്ല, പക്ഷേ ബാറ്റിംഗിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുമായിരുന്ന ആ മാറ്റത്തെക്കുറിച്ച് തീർച്ചയായും ചില പ്രശ്‌നങ്ങൾ ഉണ്ടാകും. അതിനാൽ രവീന്ദ്ര ജഡേജ എത്രയും വേഗം ഫിറ്റായി തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. “
പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് എ മത്സരത്തിൽ ബാറ്റിംഗ് ഓർഡറിൽ ജഡേജ നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നേടിയിരുന്നു. 29 പന്തിൽ 35 റൺസ് നേടിയ താരം ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം അഞ്ചാം വിക്കറ്റിൽ 52 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് നിര്‍ണായകമായിരുന്നു.